നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുന്നതിനിടെ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു. കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്കായി പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് മുൻപിലും ആലുവയിലും സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പത്തനംതിട്ട ഡി.സി.സി ഓഫീസിന്റെ വാതിലിലും മതിലുകളിലുമാണ് അടൂർ പ്രകാശിനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "അടൂർ പ്രകാശിനെ തഴഞ്ഞാൽ പ്രകാശം പരക്കില്ല" എന്നാണ് പോസ്റ്ററുകളിലെ വാചകം. സുധാകരനെ ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നും ഈഴവ സമുദായത്തെ അവഗണിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഡൽഹിയിൽ നടന്ന രണ്ടാം സ്ക്രീനിങ് കമ്മിറ്റിയിൽ 50-ൽ അധികം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി തന്നെ വീണ്ടും മത്സരിക്കുമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. 20 സീറ്റുകളിൽ കൂടി സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ചൊവ്വാഴ്ച വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും.
മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ ഉൾപ്പെടെയുള്ള ഒൻപത് എം.പിമാരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന സുധാകരനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടൻ പട്ടിക പുറത്തുവിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.