sudhakaran

TOPICS COVERED

പ്രാദേശിക നേതൃത്വം രൂക്ഷമായ വിമർശനവുമായി രംഗത്ത് വരുമ്പോഴും ജി.സുധാകരനെതിരെ കടുത്ത പ്രതികരണങ്ങൾ നടത്താതെ സിപിഎം ദേശീയ-സംസ്ഥാന നേതൃത്വം. സുധാകരൻ പുനരാലോചന നടത്തുന്നതാണ് അദ്ദേഹത്തിനും പാർട്ടിക്കും നല്ലതെന്ന് ജനറൽസെക്രട്ടറി എം എ ബേബി പ്രതികരിച്ചു. സുധാകരനെ തള്ളി പറയാനില്ലെന്നും തള്ളുന്നതല്ല ചേർത്ത് പിടിക്കുന്നതാണ് സിപിഎം നയമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കുലംകുത്തിയെന്നും വർഗ്ഗ വഞ്ചകനെന്നും വിളിച്ച് പ്രാദേശിക നേതൃത്വത്തിന്റെ തല്ലൽ, പുനരാലോചന നടത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ തലോടൽ. ഇതാണ്  ജി സുധാകരന്റെ കാര്യത്തിലെ ഇതുവരെയുള്ള പാർട്ടി ലൈൻ. തള്ളിപ്പറയാൻ ഇല്ലെന്ന് ഇ പി ജയരാജൻ തുറന്നു പറഞ്ഞു. കുലംകുത്തി എന്നും വർഗ്ഗ വഞ്ചകൻ എന്നും വിളിക്കുന്നതിനെക്കുറിച്ച് വിളിച്ചവരോട് ചോദിക്കണം എന്നും ഇ പി ജയരാജൻ.

ഇതേ ലൈനിൽ തന്നെയായിരിക്കും തൽക്കാലം പാർട്ടിയുടെ തുടർ നീക്കങ്ങൾ.  അതേസമയം എളമരം കരീംമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കും പാർട്ടി രക്തസാക്ഷിയായ സഹോദരൻറെ കേസ് നടത്തിപ്പിൽ  ഉന്നയിച്ച ആരോപണങ്ങൾക്കും പാർട്ടി മറുപടി നൽകും. ഇത് സംബന്ധിച്ച ചർച്ചകൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റ് യോഗ ശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാർട്ടി നിലപാട് വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

G Sudhakaran is facing criticism from local CPM leadership, but national and state leaders are refraining from strong reactions, indicating a strategic approach to manage the situation. The party's stance, as articulated by leaders like M A Baby and E P Jayarajan, suggests a path of reconsideration for Sudhakaran rather than outright condemnation.