sudhakaran

TOPICS COVERED

CPM അംഗത്വം പുതുക്കാതിരിക്കുന്ന ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ പാർട്ടി നേത്യത്വം അവസാനിപ്പിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന പ്രചാരണം ശക്തമാണെങ്കിലും ജി.സുധാകരൻ മനസുതുറന്നിട്ടില്ല. രണ്ടു ദിവസത്തിനകം സുധാകരൻ പരസ്യമായി തൻ്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

പാർട്ടി നേതൃത്വം മുൻകൈ എടുത്ത് നടത്തിയ അനുനയനീക്കങ്ങളോട് സുധാകരൻ പ്രതികരിക്കാതായതോടെയാണ് പാർട്ടി പിൻവലിഞ്ഞത്. സുധാകരൻ നിലപാട് പറയട്ടെ എന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടു ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കുമെന്നാണ് G സുധാകരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. അംഗത്വം പുതുക്കാൻ ഇല്ല എന്ന നിലപാടിൽ മാറ്റമില്ല.

തനിക്ക് കുറെ കാര്യങ്ങൾ പറയാനുണ്ട് എന്ന് സുധാകരൻ അടുത്ത ആളുകളോട് വെളിപ്പെടുത്തിഅമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനും സാധ്യതയുണ്ട്. പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു കൊടുത്തിട്ടും സുധാകരൻ നിലപാടിൽ അയവു വരുത്താൻ തയാറാകുന്നില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത വീട്ടിലെത്തിയും ജില്ലാ സെക്രട്ടറി ആർ നാസർ പലതവണ ഫോണിലൂടെയും സുധാകരനുമായി സംസാരിച്ചെങ്കിലും അംഗത്വം പുതുക്കാതെ അനുഭാവിയായി തുടരും എന്ന നിലപാടിൽ നിന്ന് സുധാകരൻ മാറിയിട്ടില്ല. മറ്റു പല നേതാക്കളും സുധാകരനുമായി ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി സുധാകരനുമായി സംസാരിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല

ENGLISH SUMMARY:

CPM membership renewal is a key issue for G Sudhakaran, with party leadership now ending efforts to persuade him. He has not yet revealed his stance on contesting as an independent in Ambalappuzha, but his decision is expected within two days.