തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആദ്യം തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടുന്നതിനുള്ള പരിശ്രമത്തിലാണ് മുന്നണികൾ. അസംതൃപ്തി പരമാവധി ഒഴിവാക്കി സമ്മതരായ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക എന്നത് തന്നെയാണ് പ്രധാന കടമ്പ. വിജയസാധ്യതയും പ്രധാനമാണ്. സിറ്റിങ് സീറ്റുകളിലടക്കം ചില നീക്കുപോക്കുകളും മുന്നണികൾ ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ.കെ.ഷൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. ഷൈലജ ടീച്ചറോട് സിപിഎം വിവേചനം കാണിക്കുന്നുണ്ടോ എന്നായിരുന്നു സർവേയിലെ ചോദ്യം. വിവേചനമുണ്ടെന്ന് 55.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇല്ല എന്നാണ് 29.5 ശതമാനം പേരുടെ അഭിപ്രായം.
തിരഞ്ഞെടുപ്പിൽ ജി. സുധാകരൻ മത്സരത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു ഘട്ടത്തിലും സിപിഎം നേതൃത്വത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല. ജി.സുധാകരന്‍റെ കാര്യത്തിൽ എന്തെങ്കിലും പരിഗണനയുണ്ടോ എന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഉയര്‍ന്ന ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി നല്‍കിയത്. ഇതിനോടുള്ള പ്രതികരണമായി ഇനി പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരനും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ മനം നൊന്തായിരുന്നു സുധാകരന്റെ ഈ നിലപാട്. സുധാകരൻ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നായിരുന്നു സർവേയിൽ ഉയർന്ന മറ്റൊരു ചോദ്യം. കഴമ്പുണ്ടെന്ന് 46.1 ശതമാനവും ഇല്ലെന്ന് 35.4 ശതമാനവും പ്രതികരിച്ചു.
സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് അനുകൂലമായി 40.2% പേരും എതിർത്ത് 32.8 ശതമാനം പേരും സർവേയിൽ പ്രതികരിച്ചു.
*ശൈലജ ടീച്ചറോട് സിപിഎം വിവേചനം കാണിക്കുന്നോ?
അതെ- 55.2 %
അല്ല- 29.5 %
അഭിപ്രായമില്ല- 15.3 %
*ജി.സുധാകരന്റെ ആരോപണത്തില്‍ കഴമ്പുണ്ടോ?
കഴമ്പുണ്ട്- 46.1 %
കഴമ്പില്ല- 35.4 %
അഭിപ്രായമില്ല- 18.5 %
*സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കുന്നത് ഗുണം ചെയ്യുമോ?
ഗുണം ചെയ്യും- 40.2 %
ഗുണം ചെയ്യില്ല- 32.8 %
അഭിപ്രായമില്ല- 27 %