യു.ഡി.എഫില്‍ തിരുവമ്പാടി, തവനൂര്‍ മണ്ഡലങ്ങള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് ആവര്‍ത്തിച്ച് ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം. തിരുവമ്പാടിയില്‍ കോണി ചിഹ്നത്തില്‍ ഇത്തവണയും സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്‍റ് എം.എ.റസാക്ക് മനോരമ ന്യൂസിനോട് പറഞ്ഞു.
ലീഗ് തുടര്‍ച്ചയായി തോല്‍ക്കുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് പകരം മലപ്പുറം ജില്ലയിലെ തവനൂര്‍ ലീഗിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനെതിരെ രണ്ടുപാര്‍ട്ടിയിലും പ്രാദേശിക തല എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ചര്‍ച്ച തുടരുകയാണ്. ഇതിനിടിയിലാണ് ലീഗ് ജില്ലാ പ്രസിഡന്‍റിന്‍റെ നയം വ്യക്തമാക്കല്‍.
കൊടുവള്ളിയില്‍ നിന്ന് എം.കെ.മുനീര്‍ മാറി നിന്നാല്‍ പ്രാദേശിക നേതാക്കള്‍ക്ക് തന്നെ സീറ്റ് കൊടുക്കണമെന്ന മണ്ഡലം ഭാരവാഹികളുടെ ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടില്ല. മുനീര്‍ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്ന അഭ്യൂഹങ്ങളും പ്രസിഡന്‍റ് തള്ളി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിട്ടും പ്രദേശിക പ്രതിഷേധത്തെ തണുപ്പിക്കാന്‍ കോണ്‍ഗ്രസിനോ ലീഗിനോ ഇനിയും ആയിട്ടില്ല. പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാനം നേതൃത്വം മുന്നോട്ടുപോകുമോയെന്നതാണ് ഇനി നിര്‍ണായകം.