സ്ത്രീ സുരക്ഷാ പദ്ധതിയിലുള്ളവരുടെ വ്യക്തിഗത വിവരങ്ങളും സർക്കാർ ചോർത്തിയെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഡേറ്റ ചോർച്ച വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കായി നിർണായകമായ പുതിയ രേഖകൾ ചെന്നിത്തല പുറത്തുവിട്ടു. ഐടി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ എന്ന പേരിൽ സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്തത് ദുരൂഹമാണെന്ന് ആരോപിച്ച ചെന്നിത്തല ഇതിനായി മുഖ്യമന്ത്രിയുടെ ഒഎസ്ഡി ഇറക്കിയ ഉത്തരവും പുറത്തുവിട്ടു.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ 35 ന് മുകളിൽ പ്രായമുള്ള ലക്ഷക്കണക്കിന് സ്‌ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എസ് സാംബശിവറാവു നൽകിയ കത്ത് പ്രകാരം ചോർത്തിയതെന്ന് രമേശ് ചെന്നിത്തല. സാംബശിവ റാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു. വ്യക്തി വിവരങ്ങൾ അനുമതിയില്ലാതെ സ്വകാര്യ ഏജൻസികൾക്ക് കൈമാറി തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചു. ഒരു കോടിയിലധികം വ്യക്തികളുടെ വിവരങ്ങൾ ചോർത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചോർത്തിയത്.
2023ൽ ചീഫ് സെക്രട്ടറി വിളിച്ച ഏകോപന യോഗത്തിലെ മിനുട്സിനെ അവലംബിച്ച് പത്ത് സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്യാൻ ഫെബ്രുവരി 3 ന് സർക്കാർ പുറപ്പെടുവെച്ച ഉത്തരവിൻറെ പകർപ്പും ചെന്നിത്തല പുറത്തുവിട്ടു. എല്ലാ വകുപ്പുകളിൽ നിന്നും വൻ തോതിൽ ഡേറ്റ വാങ്ങിയതിന് പിന്നാലെ സ്വകാര്യഏജൻസിയെ ഉപയോഗിച്ച് ബിസിനസ് വാട്‌സാപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ പാകത്തിന് ഡേറ്റ നൽകിയെന്ന് ചെന്നിത്തല.
വ്യക്തിവിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് സ്വകാര്യ ഏജൻസിക്ക് കൈമാറിയെന്ന് രമേശ് ചെന്നിത്തല. സൈബർ തട്ടിപ്പിന് സർക്കാർ അവസരമൊരുക്കി. ഐടി മിഷനിലെ താൽക്കാലിക ജീവനക്കാരന് വിവരങ്ങൾ കൈമാറാനാണ് ആവശ്യപ്പെട്ടത്. വ്യക്തിഗത വിവരങ്ങൾ ഓപ്പൺ മാർക്കറ്റിൽ ലഭ്യമാണോ എന്ന് വ്യക്തമല്ല. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശത്തിൻറെയും ഡിജിറ്റൽ വ്യക്തിസുരക്ഷാ നിയമത്തിന്‍റെയും സുപ്രീംകോടതി വിധിയുടെയും ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.