പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗയാത്ര കോട്ടയത്ത് എത്തിയപ്പോൾ അപ്രതീക്ഷിത നീക്കവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തിയ രമേശ് ചെന്നിത്തല രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ചെന്നിത്തലയുടെ സന്ദർശനത്തിൽ തെറ്റില്ലെന്നും സന്ദർശനവും തിണ്ണനിരങ്ങലും രണ്ടാണെന്നും വർഗീയതയെയാണ് എതിർക്കുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു.
പുതുയുഗ യാത്രയുടെ ഭാഗമായി വിഡി സതീശനും യുഡിഎഫ് നേതാക്കളും കോട്ടയത്ത് സംവാദ പരിപാടി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മറുവശത്ത് മത സാമുദായിക നേതാക്കളെ സന്ദർശിച്ച് നേതാക്കളെ ഞെട്ടിച്ചത്. ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയ രമേശ് ചെന്നിത്തല സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനം ആയിരുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഷ്ട്രീയ വിഷയവും ചർച്ച ചെയ്തെന്നും വ്യക്തമാക്കി പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് ആയിരുന്നു ചെന്നിത്തലയുടെ യാത്ര. എൻഎസ്എസ് സംസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടു. എൻഎസ്എസുമായി അകൽച്ചയില്ലെന്നും കോളജിൽ പഠിക്കുന്ന കാലം മുതൽ മന്നം ചരമദിനത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാർച്ചന നടത്താറുണ്ടെന്നും രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ അപ്രതീക്ഷിത നീക്കം യുഡിഎഫ് നേതാക്കൾക്കിടയിലും ചർച്ചയായി. രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്നും സന്ദർശനവും തിണ്ണ നിരങ്ങലും രണ്ടാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി വിഡി സതീശൻ്റ പ്രതികരണം. വിഡി സതീശൻ കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ച സമയത്താണ് രമേശ് ചെന്നിത്തല തിരുവല്ലയിൽ മാധ്യമങ്ങളെ കണ്ടത്.