thomas-isacc

ഈയിടെ പുറത്തിറങ്ങിയ 'കേരള ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട്' എന്ന രേഖ വെറുമൊരു സാമ്പത്തിക വിശകലനമല്ലെന്നും, മറിച്ച് മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ലക്ഷ്യംവച്ച് തയ്യാറാക്കിയ രാഷ്ട്രീയ രേഖയായി  പല കാര്യങ്ങളിലും മാറുകയാണെന്നും മുന്‍ മന്ത്രി തോമസ് ഐസക്. അതിനൊരു ഉദാഹരണമാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിച്ചുരുക്കി എന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സംഖ്യകൾക്ക് രാഷ്ട്രീയമില്ലെന്നും അവ തികച്ചും നിഷ്പക്ഷമാണെന്നും ആര് പറഞ്ഞു എന്ന പരാമര്‍ശത്തോടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. 

'ഇന്ന് ഇന്ത്യാ രാജ്യത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യാ വിഹിതത്തിന് ആനുപാതികമായി പ്ലാൻഫണ്ട് നീക്കിവയ്ക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ജനസംഖ്യയിൽ പട്ടികജാതിക്കാരുടെ ശതമാനം 9.1-ഉം പട്ടികവർഗക്കാരുടേത് 1.5-ഉം ആണ്. മൊത്തം 10.55 ശതമാനം. എക്കണോമിക് റിവ്യൂ 2025 ലെ അപ്പെൻഡിക്സ് 8.2.5 ഉം 8.2.21 ഉം പരിശോധിച്ചാൽ, 2017-18 മുതൽ 2025-26 വരെയുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും സംസ്ഥാന പ്ലാൻ അടങ്കലിന്റെ കൃത്യം 9.81% പട്ടികജാതി ഉപപദ്ധതിക്കായും (SCSP), 2.83% പട്ടികവർഗ്ഗ ഉപപദ്ധതിക്കായും (TSP) സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട് എന്ന് കാണാം. ജനസംഖ്യാ വിഹിതത്തേക്കാൾ ഉയർന്ന തോതിലാണ് ഫണ്ട് നീക്കിവച്ചിട്ടുള്ളത്.

ഇതിൽ എത്രമാത്രം ചെലവഴിച്ചൂവെന്ന കണക്കും  എക്കണോമിക് റിവ്യൂവിലുണ്ട്. അതുപ്രകാരം 2017-18 മുതൽ 2025-26 (9-ാം മാസം വരെ) കാലയളവിൽ സംസ്ഥാന സർക്കാർ വകുപ്പുകൾ പട്ടികജാതി ഫണ്ടിന്റെ 72 ശതമാനവും തദ്ദേശഭരണ സ്ഥാപനങ്ങൾ 71 ശതമാനവും വീതം ചെലവഴിച്ചിട്ടുണ്ട്. പട്ടികവർഗ ഫണ്ടിന്റെ കാര്യത്തിൽ ഈ തോത് യഥാക്രമം 71 ഉം 70 ശതമാനവും വീതമാണ്. 

എന്നാൽ ധവളപത്രത്തിൽ പട്ടിക 6-5-ൽ പട്ടികജാതി/വർഗ്ഗ അലോക്കേഷനിൽ ചെലവ് എത്ര ശതമാനം വരുമെന്ന് കണക്ക് കൂട്ടുന്നതിനു പകരം ആകെ പ്ലാൻ ഫണ്ടിന്റെ ചെലവിന്റെയും പ്ലാനിലെ സോഷ്യൽ വിഭാഗം ചെലവിന്റെയും ശതമാനമായിട്ടാണ് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ ജനസംഖ്യാ മാനദണ്ഡമില്ലാത്ത ന്യൂനപക്ഷ/പിന്നോക്ക വിഭാഗങ്ങളുടെ ചെലവും ഇതിനോടൊപ്പം ചേർത്തിരിക്കുന്നു. 2026 ഏപ്രിൽ മാസത്തിൽ തന്നെ എജിയുടെ പ്രാഥമിക കണക്കുകൾ വന്നിട്ടും ബജറ്റ് സമയത്തെ കുറഞ്ഞ അനുമാന കണക്കുകൾ (Revised Estimate) ഉപയോഗിച്ചതും നിഷ്കളങ്കമല്ല.

അംഗീകൃത പ്ലാൻ അടങ്കലിനു പകരം കിഫ്ബിക്കും മറ്റും നൽകിയ പണവുംകൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊത്തം പദ്ധതിച്ചെലവിന്റെ ശതമാനമായിട്ടാണ് ചെലവഴിച്ച പട്ടികജാതി-പട്ടികവർഗ ഫണ്ടിന്റെ കണക്ക് കൂട്ടിയിരിക്കുന്നത്. ഒരു പ്രത്യേക വർഷം അംഗീകൃത പ്ലാനിന്റെ 142 ശതമാനം പദ്ധതിച്ചെലവ് വരുന്നതിനു കാരണം ഇതാണ്. ഇങ്ങനെ ഡിനോമിനേറ്റർ വലുതാകുമ്പോൾ വിഹിതവും കുറയും. ഇതാണ് ട്രിക്ക്. 

പട്ടികവിഭാഗ ചെലവുകളെ സാമൂഹ്യ സേവന മേഖലയിലെ പ്ലാൻ ചെലവിന്റെ ശതമാനമായും (As percent of plan expenditure on social services) താരതമ്യപ്പെടുത്തുന്നതിനും പ്രസക്തിയില്ല. പ്രസക്തമായ കാര്യം ജനസംഖ്യാനുപാതികമായി പദ്ധതി വിഹിതം വകയിരുത്തുന്നുണ്ടോ, വകയിരുത്തിയ പണത്തിൽ എത്ര ചെലവഴിച്ചു എന്നുള്ളതാണ്.

അതുപോലെ തന്നെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കൊപ്പം ഒബിസി (OBC), ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ചെലവുകൾ കൂടി ഒന്നിച്ച് ചേർത്താണ് ഇതിൽ (numerator) കാണിച്ചിരിക്കുന്നത്. ഇതും ശരിയല്ല. വിശകലനം എഐ ഉപയോഗിച്ചാകുമ്പോൾ ഇത്തരത്തിലുള്ള അന്തരങ്ങൾ തിരിച്ചറിയാകെ പോകുന്നത് ഒരു പക്ഷേ സ്വാഭാവികമായിരിക്കും. രാഷ്ട്രീയ താല്പര്യം മാത്രമേ ഇത്തരമൊരു വളച്ചൊടിക്കലിനു കാരണമായിട്ട് കണ്ടെത്താൻ കഴിയൂ.

കിഫ്ബി ഫണ്ടിൽ പട്ടികവിഭാഗങ്ങൾക്ക് അർഹമായ വിഹിതം ഇല്ലായെന്നാണ് മറ്റൊരു ആക്ഷേപം. കിഫ്ബി ഏറ്റെടുക്കുന്നതു പോലുള്ള പൊതുസൗകര്യ പ്രൊജക്ടുകൾ പട്ടികജാതി ഘടക പദ്ധതിയിലും പട്ടികവർഗ ഉപപദ്ധതിയിലും ഉൾപ്പെടുത്താൻ പാടില്ലായെന്നാണ് നിലവിലുള്ള മാർഗ്ഗനിർദ്ദേശം. കിഫ്ബി നിയമത്തിലും ഇതു വ്യവസ്ഥ ചെയ്തിട്ടില്ല. എങ്കിൽപ്പോലും എംആർ സ്കൂളുകൾ, ഐടിഐകൾ തുടങ്ങിയവയുടെ നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തുകയുണ്ടായിട്ടുണ്ട്.'   – അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Kerala fiscal health status report is being criticized by former minister Thomas Isaac as a political document rather than a mere financial analysis. He claims the report falsely suggests a cut in fund allocation for Scheduled Castes and Scheduled Tribes.