വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുന്നതിന് പകരം, ഈ മഹാദുരന്തത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി കാണുന്ന കോൺഗ്രസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങളാണ് കോൺഗ്രസ് ഇവിടെ പയറ്റുന്നത്. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് കോടികൾ പിരിച്ചെടുക്കുകയും എന്നാൽ 19 മാസം പിന്നിട്ടപ്പോൾ ഒരു കല്ല് മാത്രം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയുമാണ് കോൺഗ്രസ് ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന കല്ലിടൽ നാടകം ആർക്കാണ് മനസ്സിലാകാത്തത്.
സാധാരണക്കാർ തങ്ങളുടെ കുടുക്ക പൊട്ടിച്ചും പാവപ്പെട്ടവർ പെൻഷൻ തുക മാറ്റിവെച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ, സ്വന്തം എം.പി ഫണ്ട് പോലും നൽകില്ലെന്ന് പറയുന്നത് കോൺഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. നാട് ഒറ്റക്കെട്ടായി നിൽക്കേണ്ട അതീവ ഗുരുതരമായ സാഹചര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചരിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ മുതിരുന്നത് ദുരന്തബാധിതരോടുള്ള ക്രൂരതയാണ്.
കർണാടക സർക്കാർ നൽകുന്ന ഔദ്യോഗിക സഹായം പോലും സ്വന്തം ഇടപെടലായി ചിത്രീകരിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദുരന്തത്തേക്കാൾ വലുത് പണമാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന ഈ 'കളക്ഷൻ' രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല.
ദുരന്തബാധിതരുടെ കണ്ണുനീരിൽ ലാഭം കൊയ്യാൻ നോക്കുന്നവർക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.