അച്ഛനേക്കാൾ പ്രായമുള്ള സഖാവ് വി എസിന്, പാർട്ടിയുടെ സ്ഥാപകനേതാവിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് 'വഷള വിപ്ലവ' മുദ്രാവാക്യം വിളിച്ച നെറികേടിൽ നിന്ന് എം സ്വരാജ് ഒട്ടും വളർന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. അന്നത്തെ ആ 'ആരാച്ചാർ മനസ്സി'ൽ നിന്ന് ഒരടി മുന്നോട്ട് പോകാൻ ഈ പരന്ന വായനക്കാരന് കഴിഞ്ഞില്ലല്ലോ. കഷ്ടം. ആ മനോനിലയിൽ മനുഷ്യത്വ രഹിതമായി വർത്തമാനം പറഞ്ഞ ഡോ. ലളിതാംബികയും ഇയാളും ഒരേ വൈകൃത മനസ്കരാണ്. ഹർഷിനയുടേയും ഉഷ ജോസെഫിന്റേയും മറ്റ് മരണപ്പെട്ടു പോയ മനുഷ്യരുടേയും ശരീരത്തിൽ കുടുങ്ങിയ കത്രികകൾ ലോകത്ത് മറ്റെവിടേയും നിന്നല്ല, ലോകത്തിലെ 'ഒന്നാം നമ്പർ' ആരോഗ്യ കേരളത്തിലാണ്. ഒന്നാം നമ്പറെന്ന തള്ളിനോടൊപ്പം ഈ കത്രിക അബദ്ധം കൂടി താങ്ങാനാകില്ലെന്നും ജിന്‍റോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഇതുപോലുള്ള പിണറായിസ്റ്റ് അടിമ ബോധങ്ങളെ സാംസ്‌കാരിക സംഭവമായി ആഘോഷിച്ച സാംസ്‌കാരിക നായകരൊക്കെ നാവ് ഉപ്പും വിനാഗിരിയും ചേർത്ത് അച്ചാറിട്ട് വച്ചിരിക്കാണോ. ഒന്ന് മിണ്ടെടോ നിങ്ങളൊക്കെ. മരിച്ചിട്ടില്ലെന്ന് വിചാരിക്കാനാണെങ്കിലും ഒന്ന് മുരടനക്ക്.
സ്വരാജിന്റെ പരന്ന വായനകൊണ്ടും ഊതിവീർപ്പിച്ച സാംസ്കാരിക പരിവേഷവും കൊണ്ടും ഈ സമൂഹത്തിന് എന്ത് ഗുണമുണ്ടായി? യാതൊരു മാനുഷിക പരിഗണനകളുമില്ലാതെ ഭരണകൂട അടിമയായി നാവുയർത്തുന്നത് അല്ലാതെ ഇയാൾ സാധാരണ മനുഷ്യരുടെ ഏതെങ്കിലും സങ്കടം കണ്ടിട്ടുണ്ടോ ഈ പത്ത് പിണറായി വർഷങ്ങളിൽ? സത്യത്തിൽ സ്വരാജിനെ പോലുള്ള ഭരണകൂട അടിമകളുടെ തലച്ചോറിൽ കുടുങ്ങിയ 'പിണറായി വിധേയത്വ കത്രിക' എടുത്ത് മാറ്റപ്പെടാതെ രോഗമുക്തി ഉണ്ടാകില്ല.– ജിന്‍റോ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നു.