ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വച്ച് കരിങ്കൊടി കാണിച്ച കേസില്‍ റിമാന്‍ഡിലായ കെഎസ്‌യു പ്രവര്‍ത്തകന്‍റെ കോഴിക്കോട് വടകരയിലെ വീടിന് നേരെ ബോംബാക്രമണം. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കുടുംബവും കോണ്‍ഗ്രസും ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണോ ബോംബേറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. ആരോഗ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിതുലിന്‍റെ വീട് അന്വേഷിക്കുന്ന ചാറ്റും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പുലര്‍ച്ചെ രണ്ടരയ്ക്കാണ് ബിതുലിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച് എത്തിയ മൂന്നുപേരാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവസമയത്ത് ബിതുലിന്‍റെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. മന്ത്രിയെ കരിങ്കൊടി കാണിച്ചതിനുശേഷം ബിതുലിനുനേരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയുണ്ടായിരുന്നു.
അതേസമയം, സിപിഎം പ്രവര്‍ത്തകരാണോ ആക്രമണം നടത്തിയതെന്ന് അറിയില്ലെന്നായിരുന്നു ബിതുലിന്‍റെ വീട് സന്ദര്‍ശിച്ചതിനുശേഷം കെ.പി.കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എയുടെ പ്രതികരണം. ആക്രമണത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തോടന്നൂരില്‍ പ്രകടനവും ഹര്‍ത്താലും നടത്തി.