pk-sasi-03

 

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാംപുമായി സഹകരിക്കുമെന്ന സൂചന നല്‍കി, കെടിഡിസി ചെയര്‍മാന്‍സ്ഥാനം രാജിവച്ച പി.കെ.ശശി. സിപിഎമ്മിലെ ചില സംസ്ഥാന നേതാക്കളില്‍ നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായി.  രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കള്‍ ഇല്ലെന്നും സ്ഥിരമായ താത്പര്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നും പി.കെ.ശശി മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട്ടെ വിമത കൂട്ടായ്മയിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല. തന്നെ വീട്ടിലിരുത്താന്‍ മനപ്പായസമുണ്ണുന്നവര്‍ നിരാശരാവുമെന്നും പി.കെ.ശശി പ്രതികരിച്ചു.

 

രണ്ടു വർഷമായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി കെടിഡിസി ചെയർമാൻ സ്ഥാനം കഴിഞ്ഞയാഴ്ചയാണ് രാജിവച്ചത്. ശശി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന ശക്തമായ അഭ്യൂഹത്തിനിടെയാണ് രാജി. പദവി ഒഴിയുന്നതു പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലല്ലെന്നും ആരുടെയും നിർദേശമില്ലെന്നും സ്വമനസ്സാലെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ചെയർമാൻ സ്ഥാനം രാജിവച്ചു വീട്ടിലിരിക്കില്ല, പെ‍ാതുരംഗത്തുണ്ടാകും. സിപിഎം അംഗത്വം രാജിവച്ചിട്ടില്ല. ട്രേഡ് യൂണിയനിലുമുണ്ട്. നാളത്തെക്കാര്യം ഇപ്പേ‍ാൾ പറയാനാകില്ല.’’ പിണറായി വിജയൻ പിതൃതുല്യനാണെന്നും ശശി പറഞ്ഞിരുന്നു. 

 

നേതൃത്വത്തോട്, പ്രത്യേകിച്ചു ജില്ലാ സെക്രട്ടറിയോടുള്ള കടുത്ത ഭിന്നതയാണു രാജിക്കു കാരണമെന്നാണു വിവരം. സിപിഎം നേതാക്കളും മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു. ശശി ഉന്നയിക്കുന്ന വിഷയങ്ങൾ നടപ്പാക്കുമെന്നു നേതൃത്വം സന്ദേശം നൽകിയെങ്കിലും, 2 വർഷം മുൻപു തരംതാഴ്ത്തിയ ശേഷം തിരിച്ചെടുക്കാൻ നടപടിയില്ലാതെ, തിരഞ്ഞെടുപ്പ് അടുത്തപ്പേ‍ാൾ നൽകുന്ന ഉറപ്പ് അംഗീകരിക്കേണ്ടെന്നാണു ശശിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

 

അഴിമതിയും ജില്ലാ സെക്രട്ടറിക്കെതിരെയുള്ള നീക്കവും ആരേ‍ാപിച്ച് 2024 ഒ‍ാഗസ്റ്റിലാണു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയത്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റാൻ ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറി മുഖേന മുഖ്യമന്ത്രിയേ‍ാട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീടു പ്രശ്നം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചെങ്കിലും തുടരാനായിരുന്നു നിർദേശം.

ENGLISH SUMMARY:

Former P. K. Sasi, who recently resigned as the Chairman of the KTDC, has hinted at possible cooperation with the UDF in the upcoming elections. Sasi said he had painful experiences caused by certain state-level leaders of the CPM Kerala. He added that politics has no permanent enemies, only permanent interests. Speaking to Manorama News, he clarified that the rebel faction in Palakkad has not yet reached out to him. Those expecting to keep him confined at home should be disappointed, he remarked.