സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം രാത്രി 12 മണി വരെ നീട്ടിയത് വലിയ ചര്‍ച്ചയായിരുന്നു. സാധാരണ ബാറുകള്‍ അര്‍ധരാത്രി വരെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ പുലര്‍ച്ചെ മൂന്നുമണി വരെയും പ്രവര്‍ത്തിപ്പിക്കാമെന്നാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ടൂറിസം കേന്ദ്രങ്ങളിലെ ബാര്‍ സമയവും മറ്റിടങ്ങളിലേതും ഏകീകരിക്കാനാണ് തീരുമാനമെന്നാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷന്‍ പുതിയ ഉത്തരവിന് കാരണമായി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പാക്കിയ തീരുമാനമായതുകൊണ്ടുതന്നെ ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കുകയും ചെയ്തു. സംഗതി തിരഞ്ഞെടുപ്പില്‍ വിഷയമാകുമോ എന്ന് മനോരമന്യൂസ് വോട്ടര്‍മാരോട് ചോദിച്ചു.
‘ബാര്‍ സമയം കൂട്ടിയത് എൽഡിഎഫിനുള്ള വോട്ടിനെ എതിരായി ബാധിക്കുമോ?’ എന്നായിരുന്നു മനോരമന്യൂസ് – സി വോട്ടര്‍ സ്നാപ് പോളില്‍ നല്‍കിയ ചോദ്യം. ഇതില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും എല്‍ഡിഎഫിന് തിരിച്ചടിയാകും എന്നാണ് മറുപടി നല്‍കിയത്. ബാര്‍ സമയം കൂട്ടിയത് എൽഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് 57.7 ശതമാനം പേര്‍ നിലപാടെടുത്തു. ബാധിക്കില്ല എന്ന് അഭിപ്രായപ്പെട്ടത് 30.1 ശതമാനം പേരാണ്. പോളില്‍ പങ്കെടുത്ത 12.2 ശതമാനം പേര്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള രണ്ട് ചോദ്യങ്ങള്‍ കൂടി സ്നാപ് പോളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ‘പാർട്ടി മാറി വരുന്നവർ യുഡിഫിന് ഗുണം ചെയ്യുമോ?’ എന്ന ചോദ്യത്തിന് ഗുണം ചെയ്യും എന്നാണ് 47 ശതമാനം പേര്‍ മറുപടി നല്‍കിയത്. 37.5 ശതമാനം പേര്‍ ഗുണം ചെയ്യില്ല എന്ന നിലപാടുകാരാണ് . 15.5 അഭിപ്രായമില്ല എന്നും അറിയിച്ചു. ‘ഭവന സന്ദർശനം പാർട്ടികൾക്ക് വോട്ട് കൂട്ടുമോ?’ എന്നായിരുന്നു പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യം. വോട്ട് കൂട്ടും എന്നായിരുന്നു ഭൂരിപക്ഷം (41.6 %) അഭിപ്രായപ്പെട്ടത്. ഭവനസന്ദര്‍ശനം കൊണ്ട് വോട്ട് കൂടില്ല എന്ന് 34 ശതമാനം പേരും പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താതത് 24.4 % പേര്‍.
ഫെബ്രുവരി മൂന്നാംവാരം നടത്തിയ സ്നാപ് പോളിലാണ് ബാര്‍ സമയം ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളില്‍ വോട്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.