നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ യുദ്ധമുറി തുറന്ന് എന്‍.ഡി.എ. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി സ്മൃതി മന്ദിരത്തിന്‍റെ സെല്ലാറിലാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ വാര്‍റൂം. കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവഡെയും സംഘവും  ഈ ഓഫിസ് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ഒരുമുഴം മുമ്പേ യാത്രതുടങ്ങുകയാണ് എന്‍.ഡി.എ. ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തെ സെല്ലാറിലാണ് ഓഫിസ്. പ്രവേശന കവാടത്തിന് മുന്നില്‍ത്തന്നെ എന്‍.ഡി.എയിലെ എല്ലാ ഘടകക്ഷികളുടെയും കൊടികള്‍ കാണാം. സ്വീകരണമുറി, ഓരോ ചുമതലക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഓഫിസുകള്‍, സമൂഹമാധ്യമ ടീമിന് പ്രവര്‍ത്തിക്കാന്‍ പ്രത്യേക വിഭാഗം, ചെറിയ സമ്മേളന ഹാള്‍, നേതാക്കള്‍ക്കുള്ള ഓഫിസ്, വൈഫൈ സംവിധാനം,അങ്ങനെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. മേഖലാ തിരഞ്ഞെടുപ്പ് ഓഫിസില്‍ കൊച്ചിയില്‍ ഉടന്‍ തുറക്കും.

കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെയും സംഘവും   തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരുവനന്തപുരം കേന്ദ്രമാക്കി മുഴുവന്‍സമയം പ്രവര്‍ത്തിക്കും.മലപ്പുറം ജില്ല വരെയുള്ള  പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഈ ടീമിനാകും. കോഴിക്കോടിന് വടക്കുള്ള മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെയ്ക്കാണ് ചുമതല. 

ENGLISH SUMMARY:

NDA Kerala has opened its war room in Thiruvananthapuram, marking an early strategic move for the upcoming Assembly elections. This modern facility at the BJP state headquarters will be the central hub for election preparations and operations, led by Vinod Tawade.