തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പത്മജാ വേണുഗോപാല്‍  ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കെ.മുരളീധരനെത്തന്നെ രംഗത്തിറക്കാനിരിക്കെയാണ്  സഹോദരിയെ മുന്‍നിര്‍ത്തി ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. 

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും കോര്‍കമ്മിറ്റി അംഗവുമായ പത്മജയ്ക്ക്  ജയസാധ്യതയുള്ള മണ്ഡലം നല്‍കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.  ഇരുവരുടെയുംസ്ഥാനാര്‍ഥിത്വം പാര്‍ട്ടി നേതൃത്വങ്ങള്‍ അംഗീകരിച്ചാല്‍ മുന്‍മുഖ്യമന്ത്രി കരുണാകരന്‍റെ മക്കള്‍ തമ്മിലുള്ള പോരാട്ടത്തിനാകും വട്ടിയൂര്‍ക്കാവ് വേദിയാകുക.

അതേസമയം  തൃശൂരിലും പത്മജയെ പരിഗണിക്കുന്നുണ്ട്. ജി.കൃഷ്ണകുമാര്‍, ആര്‍. ശ്രീലേഖ എന്നിവര്‍ക്ക് പുറമെ ശോഭാസുരേന്ദ്രനാണ് വട്ടിയൂര്‍ക്കാവിലെ സാധ്യതാ പട്ടിയിലുള്ള മറ്റുള്ളവര്‍. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം 28ന് മുന്‍പ് പുറത്തിറക്കും. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖയും മല്‍സരിക്കാനാണ് സാധ്യത. തൃപ്പൂണിത്തുറയില്‍ സാബു എം.ജേക്കബിനെ സ്ഥാനാര്‍ഥിയാക്കാനും ശ്രമം നടക്കുന്നു. പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി.

ഓരോ മണ്ഡലത്തിലും പരിചിതരായവരെ മാത്രം സ്ഥാനാര്‍ഥിയാക്കിയാല്‍ മതിയെന്നാണ് ബി.ജെ.പി. ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദേശം . കഴക്കൂട്ടത്ത് വി.മുരളീധരനും നേമത്ത് രാജീവ് ചന്ദ്രശേഖറും മല്‍സരിക്കുമെന്ന് ഉറപ്പാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ നേരിയ വോട്ടുവ്യത്യാസത്തില്‍ പരാജയപ്പെട്ട കെ.സുരേന്ദ്രന് ഇത്തവണ വിജയിക്കാനാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ശോഭ സുരേന്ദ്രന്‍ ആലപ്പുഴ ജില്ലയിലെ ജയസാധ്യതയുള്ള മണ്ഡലത്തിലും മല്‍സരിക്കും. മലമ്പുഴയില്‍ സി.കൃഷ്ണകുമാറിനാണ് സാധ്യത. പാലക്കാട് അപ്രതീക്ഷിത സ്ഥാനാര്‍ഥിയുണ്ടാവുമെന്നും സൂചനയുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എം.ടി.രമേശ്, പ്രകാശ് ബാബു, നവ്യ ഹരിദാസ്, ടി.റനീഷ് എന്നിവരെയാണ് പരിഗണിക്കുന്നത്. നവ്യയും റനീഷും നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരാണ്. 

ENGLISH SUMMARY:

In the Vattiyoorkavu constituency of Thiruvananthapuram, Padmaja Venugopal is likely to be the BJP candidate. The BJP has made an unexpected move by fielding her at a time when the Congress is preparing to bring K. Muraleedharan back into the contest to reclaim the constituency.