കോൺഗ്രസുമായുള്ള സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ മുസ്‌ലിംലീഗിന് അതൃപ്തി. ഹൈക്കമാന്റിനെ നേരിട്ട് കാണാൻ പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക്. കേരളത്തിൽ സീറ്റുകൾ വെച്ചു മാറുന്നതും തമിഴ്നാട്ടിലെ സീറ്റ് വിഭജനവും ചർച്ച ചെയ്യും. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നതിനാൽ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സ്ഥാനാർഥി പട്ടിക കൈമാറില്ല.
ലീഗ് 2021ൽ മത്സരിച്ച 27 സീറ്റെണ്ണത്തിൽ മാറ്റമുണ്ടാകില്ല. സീറ്റുകൾ വെച്ചു മാറുന്നതിലാണ് ചർച്ച. നാളെ ഡൽഹിയിൽ എത്തുന്ന പി കെ കുഞ്ഞാലിക്കുട്ടി വൈകിട്ടാകും രാഹുൽ ഗാന്ധിയെ കാണുക. സോണിയ ഗാന്ധി മലികാർജുൻ ഖർഗെ എന്നിവരെയും കണ്ടേക്കും.ചേലക്കരയും കോങ്ങാടും വെച്ചു മാറുന്നതിൽ ധാരണയായിട്ടുണ്ട്. എന്നാൽ തവനൂർ - തിരുവമ്പാടി, ചടയമംഗലം - പുനലൂർ ,പട്ടാമ്പി - ഗുരുവായൂർ ചർച്ചകൾ നീളുകയാണ്. വി ഡി സതീശനുമായി കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ സംസ്ഥാന ഭരണത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്ന് ഡിഎംകെയുമായുണ്ടായ അസ്വാരസത്തിലും ലീഗിന് അത്യപ്തിയുയുണ്ട്.. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം തിരക്കിട്ട് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പട്ടിക സമർപ്പിക്കുന്നത് മാറ്റിയത്. എംപിമാരുമായുള്ളസ്ക്രീനിങ് കമ്മറ്റിയുടെ കൂടിയാലോചന തുടരുകയാണ്. വി ഡി സതീശന്റെ യാത്രയ്ക്കിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കരുതെന്ന അഭിപ്രായവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയിലേക്ക് നീളുമെന്നതിനാൽ അതിനു തൊട്ടുമുൻപായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാലേ ആവേശം നിലനിർത്താൻ ആകൂ എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.