binoy-govindan

എൽഡി എഫിന്റെ 3 മേഖലാജാഥകളും പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല. സംസ്ഥാന ജാഥ നടത്തിയാല്‍ മതിയായിരുന്നുവെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. 

 

ഫെബ്രുവരി 1നും 4നും 6നുമായി തുടങ്ങിയ എല്‍ഡിഎഫ് ജാഥകള്‍ പാര്‍ട്ടി വന്‍തോതില്‍ കൊട്ടിഘോഷിച്ചിരുന്നു. വടക്കൻ മേഖല ജാഥ എം.വി. ഗോവിന്ദനും തെക്കൻ മേഖലാ ജാഥ ബിനോയ് വിശ്വവും മധ്യമേഖലാ ജാഥ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുമാണ് നയിച്ചത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ജാഥകൾക്കു സ്വീകരണം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കാനും കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികളും വർഗീയ വിഭജന നീക്കങ്ങളും തുറന്നുകാണിക്കാനുമായിരുന്നു റാലി. 

 

 

Also Read: നികേഷ് കുമാറിനെ ചൊല്ലി സിപിഎം സൈബര്‍ ടീമില്‍ ഭിന്നത; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

എം.വി.ഗോവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാനെത്തിയ അതിഥിത്തൊഴിലാളികൾക്ക് മുദ്രാവാക്യം വിളിക്കാൻ സിപിഎം പ്രവർത്തകൻ പരിശീലനം നൽകുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതും  ക്ഷേമ പെൻഷനായി ലഭിച്ച പണമെന്നു പറഞ്ഞ് 2000 രൂപ കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന മൊയ്തീന്‍ എന്നയാളുടെ വെളിപ്പെടുത്തലും വ്യാപകവിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ  ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രതികരണവും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. 

ENGLISH SUMMARY:

LDF rallies failed to gain traction according to CPI state executive, with empty chairs even during CPM state secretary M.V. Govindan's participation and inadequate attention for Binoy Viswam's rally. The executive felt a single state-level rally would have been sufficient.