kattakkada-rahul-case-2

തിരുവനന്തപുരം കാട്ടാക്കടയിൽ ഇരുപത്തി നാലുകാരന്‍റെ ജീവനെടുത്തത് യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം. കാട്ടാക്കട കിള്ളി എള്ളുവിളയില്‍ മണിയന്‍, ബീന ദമ്പതികളുടെ മകന്‍ രാഹുലാണ് ( 24 ) മരിച്ചത്. ഇന്നലെ രാത്രി കിള്ളി  മെഡിസിറ്റി ആശുപത്രിക്ക് എതിർവശം റോഡിനു മുന്നിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായത്. വാക്കുതർക്കം തമ്മിൽതല്ലിലേക്ക് കലാശിക്കുമ്പോൾ താക്കോലോ താക്കോലിൽ കോർത്ത മൂര്‍ച്ചയേറിയ ആയുധമോ കൊണ്ടുള്ള ആക്രമണത്തില്‍ രാഹുലിന്‍റെ  ഇടത് വശത്ത് വാരിയെല്ലിന്  സമീപത്തായി കുത്തി നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയും ഇവർ തമ്മിൽ സംഘര്‍ഷമുണ്ടായി. പുറത്ത് ചെറിയ മുറിവ് തോന്നുന്ന രീതിയിലായിരുന്നു. അതേസമയം മരിച്ച രാഹുൽ പരുക്ക് കാര്യമാക്കിയിരുന്നില്ല. 

ഇതിനിടെ സാഹചര്യം പന്തിയല്ലെന്ന് മനസിലാക്കിയ നാട്ടുകാരാണ് കൊല്ലപ്പെട്ട രാഹുലിനെ സർക്കാർ ആശുപത്രിയിലും തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികില്‍സയ്ക്ക് വിധേയനാക്കി. ഈസമയത്ത് രാഹുലിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി മാറുകയായിരുന്നു. പ്രാഥമിക ചികില്‍സ നല്‍കി രാഹുലിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെ വീണ്ടും ഗുരുതരാവസ്ഥയിലായ രാഹുലിനെ കാട്ടാക്കടയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് രാഹുലിന്‍റെ മരണം സ്ഥിരീകരിച്ചത്. പുറമേ പരുക്ക് സാരമുള്ളതായി തോന്നിയില്ലെങ്കിലും ആന്തരിക രക്തസ്രാവമാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍. 

നിസാര കാരണം; ജീവനെടുത്തു 

കൊല്ലപ്പെട്ട രാഹുൽ ഇയാളുടെ സുഹൃത്തായ ബാലരാമപുരം എരുത്താവൂർ സ്വദേശി ശ്രീക്കുട്ടന് പതിനായിരം രൂപയ്ക്ക് ബൈക്ക് നൽകുകയും ഇതിന്‍റെ ആറായിരം രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് 4000 രൂപ കിട്ടാനുള്ള താമസം നേരിട്ടതിൽ പ്രതിയായ രാഹുൽ ശ്രീക്കുട്ടനെ പലതവണ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിക്കാൻ തയാറായില്ല ഒരുതവണ സഹോദരിയാണ് ഫോൺ എടുത്തത്. ഇതോടെ പ്രതിയായ രാഹുൽ ശ്രീക്കുട്ടന്‍റെ സഹോദരിയെ  അസഭ്യം പറയുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്തു. ഈ വിവരം സഹോദരി സുഹൃത്തായ കൊല്ലപ്പെട്ട രാഹുലിനെ അറിയിക്കുകയും ഇത് തർക്കത്തിലെത്തുകയും ചെയ്തു. 

ഇതെത്തുടര്‍ന്നാണ് ഇവര്‍ കിള്ളിയില്‍ ഒത്തുകൂടി തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെയായിരുന്നു കൊലപാതകം. ടൈൽസിന്‍റെയും ഇന്‍റര്‍ലോക്കിന്‍റെയും ജോലികൾ ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട രാഹുൽ. ചക്ക കച്ചവടം ചെയ്യുന്ന ജോലിയാണ് പ്രതികളായ രാഹുലിനും ഉസ്മാനുമുള്ളത്. കൊലയുമായി ബന്ധപ്പെട്ട് കാട്ടാക്കട പനയങ്കോട് സ്വദേശി രാഹുൽ, ഇയാളുടെ സുഹൃത്ത് കിള്ളി മേച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊണ്ണിയൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പൊലീസ് പരിശോധിക്കുകയാണ്. 

ENGLISH SUMMARY:

A shocking murder in Kattakkada, Thiruvananthapuram, has revealed how a dispute over just ₹4,000 led to the death of a 24-year-old youth. Rahul succumbed to internal bleeding after being stabbed during a clash between two groups. The incident, which began as a verbal argument, quickly escalated into violence. Police have arrested two accused in connection with the case and are investigating further motives behind the crime. The tragedy highlights how minor disputes can turn fatal in moments of uncontrolled anger.