heat

തൃശൂരും പാലക്കാടും താപതരംഗ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും കാലാവസ്ഥാ വകുപ്പ്  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് 41 ഡിഗ്രി സെല്‍സ്യസിലേക്ക് താപനില ഉയര്‍ന്നു. തൃശൂരില്‍ 40 , കൊല്ലത്ത് 39, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും. ഇടുക്കിയും വയനാടും ഒഴികെ പത്തു ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്കുള്ള  മുന്നറിയിപ്പുണ്ട്. 

വരും ദിവസങ്ങളില്‍ കൂടുതല്‍സ്ഥലങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു. വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് സൂര്യാതപമാണെന്ന് വ്യക്തമായത്.  മലപ്പുറം കൊണ്ടോട്ടിയിലും യുവാവിന് സൂര്യാതപമേറ്റു. 

അതിനിടെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

The IMD has issued an Orange Alert for Palakkad and Thrissur as Kerala battles a severe heatwave. Palakkad recorded 41°C, while Thrissur and Kollam hit 40°C and 39°C respectively. Sunburn cases have been reported in Malappuram, including two children in Valanchery. Authorities have warned 10 districts of rising temperatures and advised the public to stay indoors during peak hours. While some regions might see summer rains soon, high humidity continues to pose a risk of heatstroke.