Image: Manorama
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാഘടകങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാനാര്‍ഥിയായി ശോഭാസുരേന്ദ്രന്‍. ആറുമണ്ഡലങ്ങളാണ് ശോഭയുടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഏതായാലും ബിജെപിയുടെ വോട്ട് ശതമാനം കൂട്ടുന്നതിലുള്ള മികവാണ് ശോഭയെ തിരഞ്ഞെടുപ്പുകളിലെ താരമാക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ മാത്രം നാല് നിയമസഭാ മണ്ഡലങ്ങളാണ് ശോഭാസുരേന്ദ്രനെ കാത്തിരിക്കുന്നത്. ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ശോഭ മല്‍സരിക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടെ ആവശ്യം. ഹരിപ്പാട് ബിജെപി സമര്‍പ്പിച്ച പട്ടികയില്‍ ശോഭയല്ലാതെ മറ്റാരുമില്ല. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതി കഴിഞ്ഞാല്‍ രണ്ടാംപേരുകാരിയാണ് ശോഭ. കായംകുളത്തും അരൂരും കഴിഞ്ഞതവണ ബിഡിജെസ് മല്‍സരിച്ച മണ്ഡലങ്ങളാണ്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ശോഭയുടെ മുന്നേറ്റമാണ് ജില്ലാ ഘടങ്ങള്‍ക്ക് പ്രേരണയാകുന്നത്. 2019 ല്‍ ഇവിടെ ഡോ.കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുലഭിച്ചപ്പോള്‍ 2024 ല്‍ ശോഭയ്ക്ക് കിട്ടിയത് 2,99, 648 വോട്ടുകളാണ്.
2021 ല്‍ കഴക്കൂട്ടത്ത് മാത്രമാണ് മുന്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെക്കാള്‍ നേരിയ തോതില്‍ വോട്ടുകുറഞ്ഞത്. 2016 ല്‍ പാലക്കാട് നാല്‍പ്പതിനായിരത്തിലേറെ വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി ശോഭയെ ഇത്തവണ അവിടെ മല്‍സരിപ്പിക്കണമെന്ന് ബിജെപി നേതൃത്വത്തിനും ആഗ്രഹമുണ്ട്. വട്ടിയൂര്‍ക്കാവാണ് ശോഭയെ പരിഗണിക്കുന്ന മറ്റൊരുമണ്ഡലം. ശോഭയുടെ അഭിപ്രായം കൂടി മാനിച്ചാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.