സംസ്ഥാനത്തെ ബാറുകളുടെ സമയമാറ്റത്തില്‍ സര്‍ക്കാര്‍ ആശയവിനിമയം നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബാറുകാര്‍ പറഞ്ഞിട്ടല്ല പ്രതിപക്ഷം കാര്യങ്ങള്‍ അറിയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിഷയത്തില്‍ യുഡിഎഫ് നിലപാട് വിശദമായി പഠിച്ച ശേഷം അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൊല്ലം മുന്‍പ് ബാറുടമകള്‍ പ്രതിപക്ഷത്തെ കണ്ടിരുന്നു. ബാറുകളുടെ സമയം ഏകീകരിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് അറിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ തൊട്ടുമുന്‍പ് അത് വേഗത്തില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ അതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ അറിയാത്ത കാര്യം എങ്ങനെ പ്രതിപക്ഷം അറിഞ്ഞുവെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീശന്‍ ചോദിക്കുന്നു. ഒരുതരത്തിലെ ആശയവിനിമയവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായില്ല. ഞങ്ങളോട് പറയേണ്ടത് ബാറുകരല്ലല്ലോ. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വിശദമായി പരിശോധിച്ച ശേഷം പറയുമെന്നും' വി.ഡി.സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ഇടതുമുന്നണി അറിയുകയോ ചെയ്തിരുന്നില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഞ്ചുവര്‍ഷത്തിനിടെ 11 തവണയാണ് പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ സര്‍ക്കാരിനെ സമീപിച്ചത്. തീരുമാനമെടുക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു തീരുമാനമെടുത്തത് സാമ്പത്തിക ലക്ഷ്യം മുന്നില്‍ കണ്ടിട്ടാണെന്നാണ് ആരോപണം.
ബാറുകളുടെ സമയം ദീര്‍ഘിപ്പിച്ചിട്ടില്ലെന്നും ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്‍റെ പ്രതികരണം. ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തെ മുതലുള്ള സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നായിരുന്നു മന്ത്രി വിശദീകരിച്ചത്.നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ചത്.