മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ (PSO) അനിൽ കുമാർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംസ്ഥാന സർക്കാർ നടപടിയെ ശക്തമായി അപലപിച്ച് സിപിഎം. ഇത് പുതിയ സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. നവകേരള സദസ്സിനിടെയുണ്ടായ പ്രതിഷേധത്തിൽ വിവിഐപി സുരക്ഷയുടെ ഭാഗമായി മാത്രം ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ, അധികാരമേറ്റയുടൻ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങളാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഎം വ്യക്തമാക്കി.

വിവിഐപിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവുമായി എത്തിയവരെ പിന്തിരിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും മാത്രമാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. അത് അവരുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ അച്ചടക്ക നടപടി. രാഷ്ട്രീയ ശത്രുത തീർക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് ശരിയല്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കാനാകുന്നില്ല. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ഇത്തരം നടപടികളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.  

2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള സദസ്സ് പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചു എന്ന പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് കേസ് വേഗത്തിലാക്കിയിരുന്നു.

രണ്ട് പതിറ്റാണ്ടോളമായി പിണറായി വിജയന്‍റെ കൂടെയുള്ള, പ്രതിപക്ഷ നേതാവായപ്പോഴും പിണറായി കൂടെ നിലനിര്‍ത്തിയ പഴ്സനല്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാര്‍. പത്ത് വര്‍ഷക്കാലം പിണറായിയുടെ എസ്കോര്‍ട് സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. സന്ദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, വിപിന്‍, ഷൈജു  ഈ അഞ്ചംഗ സംഘത്തിനാണ് പണികിട്ടിയത്. 

അതിനിടെ  റിപ്പോര്‍ട്ട് തിരുത്താന്‍ ഇടപെട്ടിട്ടില്ലെന്നും തന്‍റെ ഓഫീസിലെ ജീവനക്കാര്‍ ഇടപെട്ടെങ്കില്‍ അവരുടെ വീഴ്ചയെന്നും ന്യായീകരിച്ച് തടിതപ്പാനാണ് അജിത്കുമാറിന്‍റെ നീക്കം. കൂടുതല്‍ പേരുടെ മൊഴിയെടുത്ത ശേഷമാവും അജിത്കുമാറിന്‍റെ പങ്കില്‍ എസ്.ഐടി റിപ്പോര്‍ട്ട് നല്‍കുക.

ENGLISH SUMMARY:

Pinarayi Vijayan security officers' suspension has drawn strong condemnation from the CPM, who label it as political revenge by the new government. The party asserts that the officers were merely performing their official duties during the Navakerala Sadassu protest and are being scapegoated for political vendettas.