ഐ.പി.എൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ (GT) 92 റൺസിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി, രജത് പാട്ടീദാറിന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ ഐ.പി.എൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 254 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയതിനാൽ ഗുജറാത്തിന് ഫൈനലിൽ കടക്കാൻ ഒരു അവസരം കൂടി ലഭിക്കും. എലിമിനേറ്ററിലെ വിജയികളുമായി ടൈറ്റൻസ് ഇനി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും.

പരുക്കേറ്റ ഓപ്പണർ ഫിൽ സാൾട്ട് ഇല്ലാതെ ഇറങ്ങിയ ആർ.സി.ബിയ്ക്ക് വേണ്ടി വിരാട്  കോലിയും (43) വെങ്കിടേഷ് അയ്യരും (19) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഒരേ ഓവറിൽ കോലിയെയും ദേവ്ദത്ത് പടിക്കലിനെയും (30) പുറത്താക്കി ജേസൺ ഹോൾഡർ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

എന്നാൽ പിന്നീട് ക്രീസിലെത്തിയ രജത് പാട്ടീദാർ ഗുജറാത്ത് ബൌളർമാരെ നിലംതൊടീച്ചില്ല. വെറും 33 പന്തിൽ നിന്ന് 93 റൺസുമായി പാട്ടീദാർ പുറത്താകാതെ നിന്നു. ഐ.പി.എൽ പ്ലേഓഫിലെ ഏറ്റവും വേഗതയേറിയ 90+ സ്കോറാണിത്. ക്രുണാൽ പാണ്ഡ്യ (43), ജിതേഷ് ശർമ്മ (15*) എന്നിവർ പാട്ടീദാറിന് മികച്ച പിന്തുണ നൽകി. ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

255 റൺസ് എന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേയ്ക്കുള്ളിൽ തന്നെ മുൻനിരയിലെ അഞ്ച് ബാറ്റർമാരെ അവർക്ക് നഷ്ടമായി. ജോസ് ബട്ലർ 11 പന്തിൽ 29 റൺസെടുത്ത് പ്രതീക്ഷ നൽകിയെങ്കിലും ഹേസൽവുഡ് ബട്ലറെ പുറത്താക്കി. ശുഭ്മാൻ ഗിൽ (2), സായ് സുദർശൻ (14) എന്നിവർ നിരാശപ്പെടുത്തി.

ഒരു ഘട്ടത്തിൽ 6 വിക്കറ്റിന് 65 റൺസ് എന്ന നിലയിലായിരുന്ന ടൈറ്റൻസിനെ രാഹുൽ തേവാട്ടിയയുടെ അർധസെഞ്ച്വറിയാണ് (68 റൺസ്) നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആർ.സി.ബിയ്ക്ക് വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, റസിഖ് സലാം, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: 20 ഓവറിൽ 254/5  

ഗുജറാത്ത് ടൈറ്റൻസ്: 19.3 ഓവറിൽ 162/10 

ENGLISH SUMMARY:

Royal Challengers Bangalore secured their spot in the IPL final by defeating Gujarat Titans in Qualifier 1. Rajat Patidar's explosive century, the fastest 90+ score in IPL playoff history, powered RCB to a massive total, ultimately leading to a comfortable victory.