വി.എസ്.അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്‍റ് ആയിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചേക്കും. പുതുയുഗ യാത്ര നാളെ പാലക്കാട് എത്തുമ്പോള്‍ ജാഥയില്‍ പങ്കെടുക്കുമെന്നും സൂചന. യുഡിഎഫ്പ്രവേശവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ സുരേഷുമായി ചര്‍ച്ച നടത്തി. അതേസമയം മലമ്പുഴയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നായിരുന്നു സുരേഷിന്‍റെ പ്രതികരണം.
പുതുയുഗ യാത്രയിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്, പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും സി പി എമ്മിൽ കടുത്ത അപമാനമാണ് നേരിട്ടതെന്നും സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കെതിരെ സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് തള്ളി. പാര്‍ട്ടിയുടെ മുന്നില്‍ സുരേഷിന്റെ പ്രശ്നമില്ല. പാര്‍ട്ടി ചര്‍ച്ചചെയ്യാത്ത വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നും സുരേഷിനെ കൊണ്ടുപോയി അപമാനം മറികടക്കാനാണ് ശ്രമമെന്നും കൃഷ്ണദാസ് പറയുന്നു. പാലക്കാട് നഷ്ടമാകുന്നതിന്റെ പരിഭ്രമമാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്ഥാനാര്‍ഥിയാകണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ എനിക്ക് കുറേക്കാര്യങ്ങള്‍ ആലോചിക്കാനുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട നേതാക്കള്‍ ഇന്നലെ ഔദ്യോഗികമായി ക്ഷണിച്ചു. ഇന്നും നാളെയും പാലക്കാട് ജാഥയുണ്ടെന്നും പറഞ്ഞു. പക്ഷേ പങ്കെടുക്കുന്നതില്‍ തീരുമാനം അറിയിച്ചിട്ടില്ല.
കഴിഞ്ഞ ഒരുമാസത്തിനിടയ്ക്ക് സിപിഎം പ്രാദേശിക നേതൃത്വം എന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു. ഇതേക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ മേല്‍ക്കമ്മിറ്റിയില്‍ പങ്കെടുത്ത ആള്‍ പറഞ്ഞത്, സംസ്ഥാന കമ്മിറ്റി തീരുമാനിക്കണം എന്നാണ്. ഞാന്‍ എസ്എഫ്ഐയില്‍ തുടങ്ങി പാര്‍ട്ടിയുടെ സംഘടനാരംഗത്ത് സജീവമായി നിന്നയാളാണ്. ഒരു ഗ്രൂപ്പിലെടുക്കാന്‍ വേണ്ടി എന്തിനാണ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അതൊരുതരത്തില്‍ അപമാനിക്കലാണ്. ജനറല്‍ സെക്രട്ടറിക്ക് തന്നെയാണ് ഞാന്‍ തുറന്ന കത്ത് എഴുതിയത്'- സുരേഷ് വ്യക്തമാക്കി.