സര്‍ക്കാരുകള്‍ അവരുടെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ പരസ്യം നല്‍കുന്നത് പണ്ട് മുതലേയുള്ള പതിവാണ്. സമൂഹ മാധ്യമങ്ങളും റീലുകളുമെല്ലാം കളം പിടിച്ചതോടെ സര്‍ക്കാരും പ്രചാരണം ആ വഴിക്ക് നീങ്ങി. പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി കോടികള്‍ പൊടിക്കുന്നൂവെന്ന ആക്ഷേപം അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് ഉന്നയിച്ചിരുന്നു. ആ ആരോപണം ശരിയാണോ? എത്ര രൂപയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുഖം നന്നാക്കാന്‍ വേണ്ടി പൊടിച്ചത് എന്നറിയണോ?
173 കോടിയിലേറെ രൂപയാണ് പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവാക്കിയത്. പത്ത് വര്‍ഷം കൊണ്ടല്ലേ ഇത്രയും എന്ന് ആശ്വസിക്കാന്‍ വരട്ടേ. ഇത് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മാത്രം കണക്കാണ്. അതായത് വെറും അഞ്ച് വര്‍ഷത്തെ പരസ്യം. അതും സര്‍ക്കാര്‍ വകുപ്പായ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് വഴി മാത്രം നല്‍കിയത്.
സോഷ്യല്‍ മീഡിയാ സജീവമായതോടെ പതിവില്‍ നിന്ന് വ്യത്യസ്തമായി റീലുണ്ടാക്കാനും സര്‍ക്കാര്‍ പണം വാരിയെറിഞ്ഞു. റീല്‍ വീഡിയോകള്‍ക്ക് മാത്രമായി ചെലവാക്കിയത് 37,34,800(മുപ്പത്തിയേഴ് ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ് രൂപ). റീലുകണ്ട് കാര്യങ്ങള്‍ അവസാനിപ്പിച്ചെന്ന് കരുതരുത്. റീലിന് പുറമേ സോഷ്യല്‍ മീഡിയയില്‍ കണ്ടന്‍റും വീഡിയോകളും ലേഖനവുമൊക്കെ പ്രസിദ്ധീകരിക്കാന്‍ വേറെ ലക്ഷങ്ങള്‍ ഒഴുക്കിയിട്ടുണ്ട്. ആ വകയില്‍ ഖജനാവില്‍ നിന്ന് ചോര്‍ന്നത് 1,56,70,246(ഒരു കോടി അമ്പത്തിയാറ് ലക്ഷത്തി എഴുപതിനായിരത്തി ഇരുന്നൂറ്റ് നാല്‍പ്പത്തിയാറ് രൂപ). അങ്ങിനെയെങ്കില്‍ സോഷ്യല്‍ മീഡിയായില്‍ പൊടിച്ചത് ആകെ രണ്ട് കോടിയോളം രൂപ.
തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിളിച്ചോതുന്ന കൂറ്റന്‍ ഹോര്‍ഡിംഗ്സുകള്‍ നാട്ടിലെമ്പാടും കണ്ടില്ലായിരുന്നോ? അങ്ങിനെ പോയ കാശ് എത്രയാണെന്ന് അറിയാമോ? 7,61,23,724 രൂപ(ഏഴ് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപത്തി മൂവായിരത്തി എഴുന്നൂറ്റ് ഇരുപത്തിനാല് രൂപ). ഹോര്‍ഡിംഗ്സ് വെച്ച കാശുണ്ടായിരുന്നെങ്കില്‍ ലൈഫ് പദ്ധതി വഴി നൂറിലേറെ വീട് വെക്കാമായിരുന്നൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ പറ്റുമോ?
അവിടെകൊണ്ടും പരസ്യക്കണക്ക് തീരില്ല. കെ.എസ്.ആര്‍.ടി.സി ബസിലൊക്കെ സര്‍ക്കാരിന്‍റെ പോസ്റ്ററുകള്‍ കണ്ടില്ലേ? ആ വകയില്‍ 2,78,18,411 രൂപ(രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റി പതിനൊന്ന് രൂപ)യാണ് ഒഴുക്കിയത്. ഇതിനൊപ്പം വിവിധ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ 161,55,88,975 രൂപയും പിണറായി സര്‍ക്കാര്‍ ചെലവാക്കി. എല്ലാംകൂടി കൂട്ടിയാല്‍ ഒരു വന്‍ വികസന പദ്ധതിക്കുള്ള തുകയാണ് സര്‍ക്കാരിന്‍റെ മുഖം നന്നാക്കാനായി ചെലവായതെന്ന് ചുരുക്കം. ..