നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോൺഗ്രസിൽ ചേരാനുള്ള സാധ്യത നിലനിൽക്കെ നാളെ കോട്ടയത്ത് കോൺഗ്രസ് ചടങ്ങിൽ മുഖ്യാതിഥിയാകും. കെപിസിസി സംസ്കാരസാഹിതിയുടെ പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാകും. നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

 

പ്രേംകുമാറുമായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ സംസാരിച്ചിരുന്നു.  കെസിയുമായി സംസാരിച്ചത് സ്ഥിരീകരിച്ച പ്രേംകുമാര്‍  കോണ്‍ഗ്രസ് പ്രവേശന സാധ്യത നിഷേധിച്ചില്ല.  ചലച്ചിത്ര അക്കാദമിയില്‍ നിന്ന് തന്നെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് വിശ്വസിക്കരുതെന്ന് പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ സര്‍ക്കാരിനെതിരെ  തുറന്നടിച്ച പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ്  നേതൃത്വം.

 

അതേസമയം, പ്രേംകുമാറിന്റെ പിണക്കം മാറ്റാന്‍ ശ്രമിക്കുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിണങ്ങിയേ അടങ്ങൂ എന്ന് വച്ചാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം

ENGLISH SUMMARY:

With speculation ongoing about actor and former Chalachitra Academy chairman Premkumar possibly joining the Congress, he will attend a Congress programme in Kottayam tomorrow as the chief guest. Premkumar will be the chief guest at the KPCC cultural and literary wing’s event. The function will take place tomorrow evening at the Nagampadam Indoor Stadium. AICC General Secretary and MP K.C. Venugopal will inaugurate the event.