തിരുവനന്തപുരത്ത് മാളില്‍ വെച്ച് പൊലീസുകാരനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐയെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് സൈബർ ​ഗ്രൂപ്പായ പോരാളി ഷാജി. മുമ്പ് ഒരു കാരണവുമില്ലാതെയാണ് ലാത്തി ചുഴറ്റി തലക്ക് അടിച്ച് വീഴ്ത്തിയതെന്നും,

നാട്ടിൽനിന്ന് അടി വാങ്ങിച്ച് വീട്ടിൽ കൊണ്ടുപോകുന്ന ശീലം ഇപ്പോഴല്ല, പണ്ടേ എസ്എഫ്ഐക്കില്ലെന്നും പോരാളി ഷാജി ​ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ കുറിക്കുന്നു. 

ആ പൊലീസുകാരനു നേരെയുള്ള എസ്എഫ്ഐകാരന്‍റെ ഓരോ ചവിട്ടും അഭ്യന്തരമന്ത്രി സഖാവ് പിണറായി വിജയന്‍റെ ദേഹത്തേക്കാണെന്നത് കൂടെ ഓര്‍ക്കണമെന്നാണ് ഈ പോസ്റ്റിന് താഴെ വന്ന ആദ്യ കമന്റ്. അന്ന് ആ പിള്ളേരെ അടിച്ച അടിക്ക് ഈ പൊലീസുകാരന് കിട്ടിയത് കുറഞ്ഞു പോയെന്നാണ് മറ്റൊരു കമന്റ്. 

ലാത്തിയും അധികാരവും കയ്യിലുണ്ടെന്നത് കൊണ്ട് ജോലിയുടെ പ്രഷറും മേലുദ്യോഗസ്ഥൻമാരോടുള്ള അമർഷവും ഒക്കെ പാവപ്പെട്ട പിള്ളേരെ കിട്ടുമ്പോ തല്ലി മെതിച്ച് തീർക്കുന്ന പൊലീസുകാരെ കണ്ടിട്ടുണ്ട്… അന്നത്തെ ആ വീഡിയോ കണ്ട ഒരാൾക്കും സഹിക്കാൻ പറ്റില്ല ഇയാൾ അടിച്ച അടി. ലാത്തി കൊണ്ട് ആഞ്ഞു ആഞ്ഞു തലയ്ക്ക് അടിച്ചു വീഴ്ത്തിയ പക്കാ ക്രിമിനൽ ആണ് ആ പൊലീസുകാരനെന്നാണ് മറ്റൊരു കമന്റ്. പൊതുപരിപാടിയിൽ വോളന്റിയർ ആയി ചെറിയ തുകയ്ക്ക് നിന്ന കോളജ് വിദ്യാർത്ഥികളെ യാതൊരു മര്യാദയുമില്ലാതെ ഓടി വന്നു തലയ്ക്ക് അടിച്ചു വീഴ്ത്തുന്ന കാഴ്ച കണ്ടതാണെന്നും അദ്ദേഹം കമന്റിൽ വ്യക്തമാക്കുന്നു. 

സംഭവത്തിൽ എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയപ്പോള്‍ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത ഗുരുതര വകുപ്പാണ്. സംഭവം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം കമ്മീഷണര്‍ എസിപിയോട് റിപ്പോര്‍ട്ട് തേടി. ജാമ്യമില്ലാക്കുറ്റം ചുമത്തിയതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചു. പ്രതിഷേധം വ്യാപകമായതോടെയാണ് നടപടി. 

പൊലീസിനെ അനാവശ്യമായി ഉപദ്രവിച്ചാല്‍ നടപടിയെന്നും പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സംഭവം ജനാധിപത്യ കേരളത്തിന് അപമാനമെന്ന് അസോസിയേഷന്‍ പ്രതികരിച്ചു. എസ്.എഫ്.ഐ നടപടി അരാജകത്വം സൃഷ്ടിക്കാനെന്ന് ജനറല്‍ സെക്രട്ടറി സുധീര്‍ ഖാന്‍ പ്രതികരിച്ചു. പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുധീര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

SFI police assault in Trivandrum has sparked significant debate, with a left cyber group 'Porali Shaji' posting in support of the SFI members involved. The incident, which occurred in a mall, has led to public outcry and statements from police associations condemning the actions of the student wing.