ജന്തർമന്തറിലെ സിജെപി സമരത്തിലെ ഇടതുപക്ഷത്തിന്റെ പോരാട്ടവഴികളെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് എംപി എഎ റഹിം.
'കോക്രോച് ജനതാ പാർട്ടി' എന്ന കൂട്ടായ്മ തുടങ്ങിവെച്ച്, കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ ഇന്ത്യയിലെ വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത ഈ സമരം ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രങ്ങളെത്തന്നെ വിറപ്പിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ, ഈ വിജയത്തിനിടയിലും "ഈ സമരത്തിൽ ഞങ്ങൾക്ക് എന്ത് പങ്ക്?" എന്ന് ചോദ്യമുയർത്തി പ്രചാരണം നടത്തുന്ന ചിലരുണ്ട്.
എസ്എഫ്എയ്ക്കും എഐഎസ്എഫിനും പേരെടുത്ത് നന്ദി പറഞ്ഞ സിജെപി വക്താവ് അശുതോഷ് റാങ്കയുടെ ട്വീറ്റ് അത്തരം പ്രചാരണങ്ങൾക്കുള്ള മറുപടിയാണ്. എങ്കിലും ചില വസ്തുതകൾ ചൂണ്ടിക്കാട്ടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
സിജെപിയുടെ സമരഭൂമികയിലേക്ക് നേരിട്ടെത്തിയ, ഈ സമരം സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഒരാളും ഈ സമരത്തിൽ ഇടതുപക്ഷത്തിന് എന്ത് പങ്ക് എന്നൊരു ചോദ്യം ഉയർത്തില്ല എന്നതാണ് യാഥാർത്ഥ്യം.
സിജെപി സമരം ആരംഭിച്ചഘട്ടം മുതൽ തന്നെ എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ എന്നീ ഇടത് വിദ്യാർത്ഥി സംഘടനകൾ സമരത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നു. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സംഘടനകൾക്കും സിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പിന്തുണ നൽകിയതേയില്ല. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ NSU-വിന്റെ അസാന്നിധ്യത്തെ ഈ സന്ദർഭത്തിൽ സൂചിപ്പിക്കാതെ പോകാൻ കഴിയില്ല.എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ ഒയ്ഷി ഘോഷ് തുടങ്ങി ഇടതു വിദ്യാർത്ഥി സംഘടനകളുടെ ദേശീയ മുഖങ്ങളെല്ലാം ആദ്യദിനം മുതൽ തന്നെ സമരവേദിയിൽ സജീവമായിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, സിപിഎമ്മിന്റെ മുതിർന്ന നേതാവ് വൃന്ദാ കാരാട്ട്, പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ ആർ. അരുൺകുമാർ, ജിതേന്ദ്ര ചൗധരി, മുഹമ്മദ് സലിം, അമ്രാ റാം എംപി, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. കെ. ശൈലജ ടീച്ചർ, ഡോ. റ്റി എം തോമസ് ഐസക്, പി കെ ശ്രീമതി ടീച്ചർ, എളമരം കരീം, പി. രാജീവ്, കെ. എൻ. ബാലഗോപാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും എംപിമാരുമായ സഖാക്കൾ കെ. രാധാകൃഷ്ണൻ, ഡോ. ജോൺ ബ്രിട്ടാസ്, കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഞാനും ഡോ. വി. ശിവദാസനും, സു. വെങ്കിടേശനും, ആർ. സച്ചിദാനന്ദൻ തുടങ്ങിയ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ള നേതാക്കളെല്ലാം നിരവധി തവണ സമരവേദിയിലേക്ക് നേരിട്ടെത്തി.
സമരവേദിയിൽ പൊലീസ് അതിക്രമം ഉണ്ടായ ഘട്ടങ്ങളിലെല്ലാം സഖാക്കൾ എം. എ. ബേബിയും, വൃന്ദാ കാരാട്ടും, ആർ. അരുൺകുമാറും മുൻനിരയിൽ നിന്ന് പ്രതിരോധം തീർത്തു. സമരവേദിയിൽ പൊലീസ് അതിക്രമം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളുടെ മുഴുവൻ പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും ജന്തർമന്തറിലേക്ക് നടത്തിയ മാർച്ച് ഈ ഘട്ടത്തിൽ പ്രത്യേകം എടുത്തുപറയണം. പൊലീസ് അതിക്രമത്തിനെതിരായി ആദ്യമായി പ്രതിരോധം തീർത്ത പാർലമെന്റ് അംഗങ്ങളുടെ സംഘം ഞങ്ങളുടേതായിരുന്നു.
സിപിഎമ്മിന്റെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ള മുഴുവൻ ഇടത് എംപിമാരും ഡൽഹിയിൽ കേന്ദ്രീകരിച്ച് സമരത്തിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയായിരുന്നു. കർഷക സമരത്തിനും, പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങൾക്കും പിന്തുണ നൽകിയതുപോലെ, രാജ്യത്തെ ജനവിരുദ്ധ ഏകാധിപത്യ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജമാകുക എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു.
അപ്പോഴും, ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളും ഒരു തവണ പോലും സിജെപിയുടെ സമരവേദിയിലേക്ക് എത്താതിരുന്നതും പിന്തുണ നൽകാതിരുന്നതും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.' - റഹിം കുറിച്ചു.