mavelikkara-election

നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ പുതുമുഖസ്ഥാനാർഥിയെ പരീക്ഷിക്കാൻ കോൺഗ്രസ്. നിലവിലെ എംഎൽഎ എം.എസ് അരുൺകുമാർ തന്നെ സിപിഎം സ്ഥാനാർഥിയായേക്കാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ബിജെപി സീറ്റ് ബിഡിജെഎസിന് വിട്ടുകൊ‌ടുത്തേക്കും.

മാവേലിക്കര സംവരണ മണ്ഡലമാക്കിയതിൽ പിന്നെ കോൺഗ്രസിന് ഭരണം പിടിക്കാനായിട്ടില്ല. നാലുതവണ എംഎൽഎ ആയ എം.മുരളിക്ക് ശേഷം സിപിഎമ്മിന് കടുത്ത മൽസരം നൽകാനും കോൺഗ്രസിനായില്ല. ഇതോടെയാണ് പുത്തൻ പരീക്ഷണം. കോൺഗ്രസ് എസ്.സി വകുപ്പ് ദേശീയ കോർഡിനേറ്ററായ 28കാരി മുത്താര രാജിനെ മൽസരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവിൻറെ പേരും ഉയരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം എംഎസ് രോഹിത്തും പരിഗണനാപട്ടികയിലുണ്ട്.

ചെങ്ങന്നൂർ മുൻ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻറെ പേര് ഇത്തവണയും ഉയർന്നുകേൾക്കുന്നു. നിലവിലെ എംഎൽഎ എം.എസ് അരുൺകുമാർ തന്നെയാകും സിപിഎമ്മിന് വേണ്ടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. പ്രാദേശിക നേതാക്കളുമായി ചേർന്ന് എംഎൽഎ ഗ്രൗണ്ട് ലെവൽ പ്രവർത്തനം തു‌ടങ്ങി. ബിഡിജെഎസിന് മാവേലിക്കര സീറ്റ് വെച്ചുമാറാനുള്ള ചർച്ചയിലാണ് ബിജെപി. കായംകുളത്ത് ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കുന്നതിനായാണ് പുനക്രമീകരണം. എന്നാൽ ബിജെപിക്ക് ശക്തമായ അടിവേരുള്ള മാവേലിക്കര ബിഡിജെഎസിന് നൽകുന്നതിൽ ബിജെപിയിലെ ഒരു വിഭാഗം കട‌ുത്ത അതൃപ്തിയിലാണ്.