നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പരസ്യമായ സ്വയംവിമര്‍ശനവുമായി സി.പി.എം. പരാജയം മുന്‍കൂട്ടിയറിയാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരുവിഭാഗത്തില്‍ നിന്നല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നഷ്ടമായി. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി വിലയിരുത്തി. പ്രാദേശിക ഘടകങ്ങളില്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ അഭിപ്രായംകൂടി കേട്ടുള്ള തിരുത്തല്‍ നടപടിക്ക് തുടക്കമിടാന്‍ സി.പി.എം. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം തേടും. വാട്സ് ആപിലൂടെയും ഇ– മെയിലായും ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അടിസ്ഥാന സ്വഭാവത്തില്‍ നിന്നുള്ള വ്യതിയാനം തിരുത്തലാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി – യു.ഡി.എഫ് ഡീലുണ്ടായെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
മുപ്പത് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ടുനല്‍കി. ചില മണ്ഡലങ്ങളില്‍ തിരിച്ചു സഹായിച്ചു. സംഘ്പരിവാര്‍ ചുറ്റുപാടുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തതും സര്‍വകലാശാലകളെ കാവിവല്‍ക്കരണത്തിലേക്ക് നയിക്കുന്നതും ഇതിന് തെളിവാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ സി.പി.എം നേരത്തെ തള്ളിക്കളഞ്ഞതാ.ണ് . എന്നിട്ടും അതിനെ ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധമുണ്ടായി. ജനങ്ങളുടെ സംശയം നീക്കാന്‍ ഇടപെടുന്നതിലും വീഴ്ചയുണ്ടായി. ആഗോള അയ്യപ്പസംഗമം സര്‍ക്കാര്‍ സംഘടിപ്പിച്ചതാണെന്നും പ്രചാരണമുണ്ടായി. സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റായിപ്പോയെന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി.