minnal

TOPICS COVERED

എൽ.ഡി.എഫ് സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മിന്നൽ മാജിക് ബ്രാൻഡി വിപണിയിലെത്തിക്കുന്നത് വിശദമായ പഠനത്തിന് ശേഷം മാത്രം. സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്‌കൃത സാധനങ്ങൾ പാലക്കാട് മേനോൻപാറയിലെ പ്ലാന്‍റിലെത്തിയെങ്കിലും മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനം കഴിഞ്ഞ് മാത്രം തുടർ നടപടി മതിയെന്നാണ് എക്സൈസ് കമ്മിഷണറുടെ നിർദേശം. അടിസ്ഥാന സൗകര്യമൊരുക്കാതെ എൽ.ഡി.എഫ് സർക്കാർ മദ്യനിർമാണം തുടങ്ങിയെന്ന് വിമർശനമുയർന്ന മിന്നൽ മാജിക് ഇതോടെ അതിവേഗം മിന്നില്ലെന്ന് ഉറപ്പായി.

നയം. നയം തന്നെയാണ് പ്രധാനം. മദ്യനയം പൊളിച്ചെഴുന്നതിന്‍റെ ആദ്യഘട്ട നടപടി തുടങ്ങിയ യു.ഡി.എഫ് സർക്കാർ മിന്നലിന്‍റെ കാര്യത്തിലും മിന്നൽ വേഗത്തിൽ ഇടപെടുകയാണ്. സർക്കാരിന്‍റെ സ്വന്തം ബ്രാൻഡി വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പാലക്കാട് മേനോൻപാറ പ്ലാൻ്റിൽ നിന്നും പുറത്തിറക്കുമെന്ന മുൻ സർക്കാരിൻ്റെ പ്രഖ്യാപനം. പേരിടാൻ പൊതുജനങ്ങളെ ക്ഷണിക്കുകയും പാരിതോഷികം നൽകുമെന്നും ബവ്കോ അറിയിച്ചതിൻ്റെ പേരിൽ കോടതി ചെവിക്ക് പിടിച്ചെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് തട്ടിക്കൂട്ട് ഉദ്ഘാടനം. ദേ ഒരാഴ്ചയ്ക്കുള്ളിൽ മിന്നൽ മാജിക് മിന്നിപ്പുറത്തിറങ്ങുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ കാലാവധി പൂർത്തിയാക്കി. പുതിയ സർക്കാർ അധികാരത്തിലേറി. ബ്രാണ്ടി നിർമാണത്തിനുള്ള സ്‌പിരിറ്റ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമെത്തി. നുരപുതയുന്ന ബ്രാന്‍ഡി കുപ്പിയിലേക്ക് നിറയ്ക്കാന്‍ തയാറെടുക്കുമ്പോഴാണ് എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറുടെയും നിർദേശമെത്തിയത്. നിർമാണം തുടങ്ങാൻ വരട്ടെ എല്ലാ കാര്യങ്ങളും പഠിക്കണം. വിപണിയുടെ സാധ്യതകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം മാത്രമായിരിക്കും ബ്രാൻഡി കുപ്പിയിലാവുമോ എന്ന കാര്യം ഉറപ്പിക്കുക. 

ENGLISH SUMMARY:

Minnal Magic's market launch will proceed only after a thorough study, as directed by the Excise Commissioner. The LDF government's ambitious liquor brand faced criticism for initiating production without adequate infrastructure, and the new government is now prioritizing a detailed policy review before its official release.