ജോസ് കെ.മാണി പാലായില്‍ത്തന്നെ മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍. താന്‍ ചോരതിളപ്പില്‍ പറഞ്ഞതല്ല.  പാലായിലുണ്ടായ പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകും. താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാലും ഇല്ലെങ്കിലും ഇടുക്കിയില്‍ ഉണ്ടാകുമെന്നും റോഷി പറഞ്ഞു.  എന്നാല്‍ താന്‍ മല്‍സരിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കി. Also Read: താരപദവിയില്‍ റോഷി അഗസ്റ്റിന്‍; പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചാവിഷയം .

പാലാ മണ്ഡലവുമായി ബന്ധപ്പെട്ട  ‘തർക്കം’ സൃഷ്ടിച്ച ആശയക്കുഴപ്പത്തിലാണ് കേരള കോൺഗ്രസിനൊപ്പം  എൽഡിഎഫും. കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ പാരമ്പര്യമനുസരിച്ച് സ്ഥാനാർഥി പ്രഖ്യാപനത്തിന്‍റെ ചുമതല ചെയർമാനാണ്. സീറ്റു ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനും ചെയർമാനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ മാസത്തെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി പിരിഞ്ഞതും. ഇതിനിടെയാണ് കഴി‍ഞ്ഞ ദിവസം അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിലെ സംഭവവികാസങ്ങൾ. പാലായിലെ സ്ഥാനാർഥി ആരെന്നു പാർട്ടി തീരുമാനിക്കും എന്നു ജോസ് പറഞ്ഞുതീരും മുൻപേ, മൈക്ക് പിടിച്ചു വാങ്ങി റോഷി പറഞ്ഞു: സ്ഥാനാർഥി ജോസ് കെ. മാണി തന്നെ. 

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന ചോരത്തിളപ്പുള്ള റോഷി സ്നേഹക്കൂടുതൽ കൊണ്ടാണ് താൻ മത്സരിക്കുമെന്നു പറഞ്ഞതെന്നും  വേറെ വ്യാഖ്യാനം വേണ്ടെന്നും ജോസ് കഴിഞ്ഞദിവസം വിശദീകരിച്ചെങ്കിലും റോഷിയുടെ ഇടപെടൽ പാർട്ടിയിലെ അധികാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തെളിച്ചി‌ട്ടുണ്ട്. 

യുഡിഎഫിലേക്കു പോയാൽ ജോസ് കെ.മാണിക്കെതിരെ പാലായിൽ റോഷി അഗസ്റ്റിനെ മത്സരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതായി ഒരു എൽഡിഎഫ് നേതാവ് തന്നോട് പറഞ്ഞെന്നു പാലാ എംഎൽഎ മാണി സി.കാപ്പൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ നിൽക്കുന്നതു റോഷി അഗസ്റ്റിൻ നിലപാട് എടുത്തതു കൊണ്ടാണെന്നു പറയുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ഓഡിയോ ക്ലിപ്പും പുറത്തു വന്നിരുന്നു.

പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി.കാപ്പൻ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ.മാണി എത്തിയാൽ കഴിഞ്ഞ തവണത്തെ മത്സരം ആവർത്തിക്കും. ബിജെപി സ്ഥാനാർഥിയായി സംസ്ഥാന വൈസ് പ്രസിഡന്റും പി.സി.ജോർജിന്റെ മകനുമായ ഷോൺ ജോർജിനാണു സാധ്യത.

ENGLISH SUMMARY:

Roshi Augustine repeatedly stated that Jose K. Mani would contest from Pala, but Jose has not confirmed it. Leaders appear divided on the matter. Roshi Augustine clarified that his statement was not made in haste or excitement. He said the mistakes made in Pala would be corrected and the party would move forward. Whether he contests or not, he will remain active in Idukki, he added. Jose K. Mani, however, stated that no decision has been made regarding his candidacy.