എല്ലാം പാര്‍ട്ടി ചെയര്‍മാന്‍ പറയുന്നതും പ്രഖ്യാപിക്കുന്നതുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രീതിയെങ്കിലും റോഷി അഗസ്റ്റിന്‍ സൃഷ്ടിക്കുന്ന താരപദവി പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാകുന്നു. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ.മാണിയെ കടത്തിവെട്ടി റോഷി അഗസ്റ്റിന്‍ അധികാര കേന്ദ്രമാകുന്നോയെന്നാണ്  സംശയം.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ മല്‍സരിക്കുമെന്നത് കേരള കോണ്‍ഗ്രസ് എം അണികള്‍ക്ക് ആവേശമാണെങ്കിലും അത് പ്രഖ്യാപിക്കുന്ന രീതി ഇങ്ങനെയാണോ.  കെഎം മാണി ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ നടക്കുമോ. ഇനിയെല്ലാം പാര്‍ട്ടി ചെയര്‍മാന്‍ പറയും, പാര്‍ട്ടി ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി എന്നൊക്കെ പറയുന്ന പാരമ്പര്യമുളള കേരള കോണ്‍ഗ്രസ് എമ്മില്‍ ഇപ്പോള്‍ രണ്ട് അധികാരകേന്ദ്രമുണ്ടോയെന്നാണ് ചോദ്യം. മന്ത്രി റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ കടത്തിവെട്ടിയെന്ന് എതിരാളികള്‍ ഏറെ നാളായി പ്രചരിപ്പിക്കുന്നതാണ്. ഇത് പാര്‍ട്ടി അണികളിലും സംശയത്തിനിട നല്‍കുന്നു. ജോസ് കെ മാണി പാലായില്‍ മല്‍സരിക്കുമെന്ന് കഴിഞ്ഞ മാസം കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷവും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

റോഷി അഗസ്റ്റിന് സിപിഎമ്മിന്‍റെ ശക്തമായ പിന്തുണയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫ് മുന്നണി പ്രവേശനം തടഞ്ഞത് റോഷി അഗസ്റ്റിനാണെന്ന പൊതുവികാരം എല്‍ഡിഎഫിലും റോഷി അഗസ്റ്റിന്‍റെ സ്വീകാര്യത കൂട്ടുന്നു.

ENGLISH SUMMARY:

Roshi Augustine's growing prominence within Kerala Congress (M) is sparking discussions about a potential power shift, with some questioning if he is overshadowing party chairman Jose K Mani. This situation raises concerns about the traditional leadership structure of the party and its alliances.