മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില‍സയിലിരിക്കെയാണ് അന്ത്യം. വിഎസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിള, 2006ലും 2011ലും കോതമംഗലത്തുനിന്ന് എംഎല്‍എ യായി തിരഞ്ഞെടുക്കപ്പെട്ടു.  സംസ്കാരം മറ്റന്നാള്‍ ചേലാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

കോതമംഗലം ചേലാട് തോമ്പ്രയിൽ ഉതുപ്പിൻറയും മറിയത്തിൻറയും മകനായി 1936 ഓഗസ്റ്റ് 13ന് ഊഞ്ഞാപ്പാറയില്‍ ജനിച്ച അദ്ദേഹം കീരംപാറ, വടവുകോട്, തിരുവല്ല എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ നേടി. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. കോതമംഗലം നഗരസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനും, നഗരസഭാ അധ്യക്ഷനുമായി. അതുവഴി നേടിയ ആൾബലത്തിലാണ് കോതമംഗലം മണ്ഡലം യു ഡി ഫിൽ നിന്നും പിടിച്ചെടുക്കാൻ പി.ജെ. ജോസഫ് കുരുവിളയെ നിയോഗിച്ചത്. 

വിമാനയാത്രാവിവാദത്തില്‍പ്പെട്ട് പി.ജെ. ജോസഫ് മന്ത്രി സ്ഥാനം രാജിവച്ചപ്പോഴാണ് ടി.യു. കുരുവിള വി.എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായത്. എന്നാല്‍ സ്ഥാനത്തിന് അധിക ആയുസുണ്ടായില്ല.  ടി.യു. കുരുവിള നടത്തിയ ഭൂമി ഇടപാടുകേസില്‍ പ്രശ്നങ്ങളുണ്ടെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ടില്‍, 2007 സെപ്തംബര്‍ 2ന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പാർട്ടിയുടെ സംസ്‌ഥാന സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കുരുവിള പ്രവര്‍ത്തിച്ചു. ഹൗസിംഗ് ബോർഡിന്‍റെയും പ്ലാന്‍റെഷന്‍ കോർപ്പറേഷന്‍റെയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Veteran Kerala Congress leader and former state minister T.U. Kuruvilla has passed away at the age of 91 while undergoing treatment for age-related ailments at a private hospital in Kochi. Kuruvilla, a prominent political figure in central Kerala, served as the Minister for Public Works (PWD) in the VS Achuthanandan-led LDF cabinet. He represented the Kothamangalam constituency twice in the Kerala Legislative Assembly, securing successive victories in the 2006 and 2011 state elections. Prior to his legislative tenure, he possessed an extensive grass-roots administrative career, serving as the president of Keerampara Panchayat for 14 years and as the chairman of Kothamangalam Municipality. The funeral services and final dynamic rites are scheduled to take place the day after tomorrow at St. Sebastian's Church in Chelad.