നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്ന വിഷയം ശബരിമല സ്വര്‍ണക്കൊള്ളയാണ്. ഇടതുമുന്നണിയുടെ പക്കലുള്ള പ്രധാന ആയുധമാകട്ടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെട്ട ബലാല്‍സംഗക്കേസുകളും. ഇതില്‍ ഏതായിരിക്കും വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കുക എന്ന ചോദ്യം രണ്ട് മുന്നണികളെയും വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുമുണ്ട്. ഈ രണ്ട് ചോദ്യങ്ങളും മനോരമന്യൂസ് വോട്ടര്‍മാരോട് ചോദിച്ചു. മനോരമ ന്യൂസും സി–വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലം ഈ ആശങ്ക കൂട്ടുന്നതുമാണ്. Also Read: കേന്ദ്രബജറ്റോ കേരള ബജറ്റോ മികച്ചത്? കേരളം പറയുന്നത് ഇങ്ങനെ; മനോരമ ന്യൂസ് സര്‍വേ ഫലം
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം നേര്‍ദിശയിലോ എന്നാണ് മനോരമന്യൂസ്–സീ വോട്ടര്‍ ടീം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള വോട്ടര്‍മാരോട് ചോദിച്ചത്. 42.7 ശതമാനം പേര്‍ അന്വേഷണം നേര്‍വഴിക്കല്ല എന്നാണ് അഭിപ്രായപ്പെട്ടത്. കോടതി നിരീക്ഷണത്തിലായിട്ടുപോലും അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്ന സംശയമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. അന്വേഷണം നേര്‍വഴിക്കാണ് പോകുന്നതെന്ന് കരുതുന്നത് 34.5 ശതമാനം പേരാണ്. 22.8 ശതമാനം പേര്‍ അഭിപ്രായമില്ല എന്നും രേഖപ്പെടുത്തി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഇലക്ഷന്‍ വിഷയമാണോ എന്നായിരുന്നു അടുത്ത ചോദ്യം. അതെ എന്ന് 41.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്ന് ചുരുക്കം. ഇതൊരു ഇലക്ഷന്‍ വിഷയം അല്ലെന്ന് കരുതുന്നവര്‍ 35.4 ശതമാനമാണ്. ഇവിടെയും 22.7 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സി–വോട്ടര്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.
ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ വാതിലില്‍ നിന്നടക്കം സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്ന കണ്ടെത്തലും കേസുകളുമാണ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാര്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ അഴിക്കുള്ളിലായ കേസില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജാമ്യം നേടാന്‍ അവസരമൊരുക്കിയെന്നും ഒടുവില്‍ ആരോപണമുയര്‍ന്നു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് യുവതില്‍ നല്‍കിയ പരാതികളില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, ശാരീരിക അതിക്രമം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഒട്ടേറെ ഗുരുതര ആരോപണങ്ങള്‍ രാഹുലിനെതിരെയുണ്ട്. ഒരു കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും മേല്‍ക്കോടതിയില്‍ നിന്ന് രാഹുല്‍ ജാമ്യം നേടി. മറ്റ് രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. കേസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. നിയമസഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യം സഭാസമിതിയുടെ മുന്‍പാകെയുണ്ട്.