കേന്ദ്രബജറ്റിനെക്കാള്‍ കേരളത്തില്‍ റേറ്റിങ് സംസ്ഥാന ബജറ്റിന്. നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് ബജറ്റിലുള്ള വോട്ടിങ് നടന്നത്. കേരളത്തെ സംബന്ധിച്ച് കേന്ദ്രബജറ്റ് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 14.3 ശതമാനം പേര്‍ വളരെ മികച്ചത് എന്ന് ഉത്തരം നല്‍കി. മികച്ചതെന്ന് 8.4 ശതമാനം പേരും പറഞ്ഞു. 14.2 ശതമാനം ശരാശരി എന്നാണ് റേറ്റ് ചെയ്തത്. മോശം എന്നഭിപ്രായപ്പെട്ടത് 15.7 ശതമാനം. വളരെ മോശം എന്നഭിപ്രായപ്പെട്ടവരാണ് കൂടുതല്‍. 38.8 ശതമാനം. 8.6 ശതമാനം പേര്‍ അഭിപ്രായമില്ല എന്നും അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സി–വോട്ടര്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

സര്‍വേയില്‍ പങ്കെടുത്ത 24.8 ശതമാനം പേര്‍ സംസ്ഥാനബജറ്റ് വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 11.6 ശതമാനവും രേഖപ്പെടുത്തി. ശരാശരി ബജറ്റ് എന്ന് പറഞ്ഞത് 24.1 ശതമാനം പേര്‍. സംസ്ഥാനബജറ്റ് മോശമാണെന്ന് തോന്നുന്നത് 17.5 ശതമാനം പേര്‍ക്കാണ്. 15.5 ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. 6.4 ശതമാനം അഭിപ്രായമില്ല എന്നും അറിയിച്ചു.

പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനും 14,500 കോടിയുടെ സാമൂഹികസുരക്ഷാ പെന്‍ഷനുകളുമടക്കം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ജനുവരി 29ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്. എന്നാല്‍ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന വലിയ ആരോപണമാണ് കേന്ദ്രബജറ്റ് നേരിട്ടത്. വലിയ സാമ്പത്തിക സാഹസങ്ങള്‍ക്ക് മുതിരാതെയുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഈമാസം ഒന്നിന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ആരോഗ്യസേവനം, ബയോഫാര്‍മ, ഇലക്ട്രോണിക്സ്, പശ്ചാത്തലവികസനം തുടങ്ങിയ മേഖലകള്‍ക്കായിരുന്നു കേന്ദ്രബജറ്റില്‍ ഊന്നല്‍.

ENGLISH SUMMARY:

A recent Manorama News ‘Election Pulse’ survey conducted by C-Voter reveals that Keralites rate the State Budget higher than the Union Budget. While 38.8% of respondents labeled the Central Budget as "very poor," the State Budget received a more positive reception, with 24.8% calling it "very brilliant." The survey, which gathered opinions from over 4,700 voters across all districts in early February, indicates a clear local preference ahead of the upcoming assembly elections. Overall, the data suggests significant dissatisfaction with the Center's fiscal approach toward the state compared to the local government's efforts.