പണ്ടത്തെ പോലെയല്ല, പി.ആറിലാണ് എല്ലാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി കഴിഞ്ഞു മുന്നണികള്‍. ഇത് ടീസര്‍ മാത്രമാണെന്ന് പറയുന്ന പാര്‍ട്ടികള്‍ യഥാര്‍ഥ മുദ്രാവാക്യം വരാനിരിക്കുന്നതേയുള്ളുവെന്ന സൂചിപ്പിക്കുന്നുമുണ്ട്.
എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും. 2016ല്‍ പിണറായി വിജയനെ അധികാരത്തിലെത്തിച്ച മുദ്രാവാക്യം. 2014ല്‍ മോദിയെ കൊണ്ടുവന്ന അച്ഛാദിന്‍ ആയേഗയുടെ ടോണിലായിരുന്നു എല്ലാം ശരിയാകും. തുടര്‍ഭരണം ആഗ്രഹിച്ച ഉമ്മന്‍ചാണ്ടി, വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യത്തിലൂന്നി. വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബിജെപി എന്നായിരുന്നു എന്‍ഡിഎ മുദ്രാവാക്യം.
2021– ഉറപ്പാണ് എല്‍ഡിഎഫിലൂടെ പിണറായി തുടര്‍ഭരണം ഉറപ്പിച്ചു. നാട് നന്നാകാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യം രമേശ് ചെന്നിത്തല ഇറങ്ങി. 35 സീറ്റുമായി കേരളം ഭരിക്കുമെന്ന് പറഞ്ഞ് ട്രോള്‍ ഏറ്റുവാങ്ങിയ കെ.സുരേന്ദ്രന്റെ ബി.ജെ.പി മാറി ചിന്തിക്കു മാറ്റത്തിനായി മുന്നേറു എന്ന മുദ്രാവാക്യം ഏറ്റുചൊല്ലി.
ഇത്തവണ ഒന്നും അങ്ങോട്ട് ക്ളിയര്‍ ആയിട്ടില്ല. എങ്കിലും 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' 'എല്‍ഡിഎഫ് തുടരും, നാട് വളരും എന്നീ വാചകങ്ങളുമായി നാട് നീളെ പരസ്യം തുടങ്ങിക്കഴിഞ്ഞു എല്‍ഡിഎഫ്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പ്രയോഗം ഏറ്റെടുത്ത് സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. മാറാത്തത് മാറും വികസിത കേരളം എന്നീ വാചകങ്ങളില്‍ പിടിച്ചിരിക്കുകയാണ് ബി.ജെ.പി. ഒരു വാചകം, ഓര്‍ക്കാനും ആവര്‍ത്തിക്കാനും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു വാചകം. പുതിയ കാലത്ത് ഏറ്റവും ആവശ്യം അതാണ്. പി.ആര്‍ ടീമുകള്‍ തലപുകച്ച് ചിന്തിക്കുകയാണ്.