vd-sivankutty

മന്ത്രി വി. ശിവന്‍കുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ കുറച്ച് കടന്നു പറഞ്ഞു. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. പക്ഷെ സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്ന് വി.ഡി കൂട്ടിച്ചേര്‍ത്തു. 

 

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വി.ഡി.സതീശന്‍, ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്. ‘ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്’- സതീശന്‍ പരിഹസിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണു ശക്തമായ തിരിച്ചടിയുമായി സതീശന്‍ രംഗത്തെത്തിയത്.

 

Also Read: ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് പരാതി; പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്ക് എൽ.ഡി.എഫ്

സതീശന്‍ അണികളെ ആവേശഭരിതരാക്കന്‍ തരംതാണ പദപ്രയോഗങ്ങളാണു നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ഇതിനോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയില്‍ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. ‘ഞാന്‍ പേടിച്ചു പോയി’ എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. ഞങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവും. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും മന്ത്രി തിരിച്ചടിച്ചു.

 

ഇതിനിടെ  ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് പരാതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എൽ.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നല്‍കി . മന്ത്രി വി.ശിവൻകുട്ടിയെയും മന്ത്രിസഭയെയും അവഹേളിച്ചു എന്ന് കാണിച്ച് വി. ജോയി എം.എൽ. എയാണ് നോട്ടിസ് നൽകിയത്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തി എന്നും എത്തിക്സ് കമ്മറ്റി ഇടപെടന്നമെന്നുമാണ് നോട്ടിസിലെ ആവശ്യം.

 

പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രിസഭയെയും അപ്പാടെ അപമാനിച്ചു എന്ന് കാണിച്ചാണ് അവകാശലംഘന നോട്ടിസ്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തിയെന്നും വി.ഡി. സതീശന് ഹുങ്കാണെന്നും വിജോയി പറഞ്ഞു. നോട്ടിസ് എത്തിക്സ് കമ്മറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. 

 

അതേസമയം പ്രശ്നത്തിന് അടിസ്ഥാനമായ സോണിയാ ഗാന്ധിയെ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ചെയ്യണമെന്ന  വി.ശിവൻകുട്ടിയുടെ വാക്കുകൾ ഏറ്റുപിടിക്കേണ്ട എന്ന നിലപാടിലാണ് ഇടതുപക്ഷം. ശബരിമല സ്വർണക്കൊള്ളയിൽ നിരന്തരം സോണിയാ ഗാന്ധിയുടെ പേര് മന്ത്രി വി.ശിവൻകുട്ടി വലിച്ചിഴക്കുന്നത് സി പി എം കേന്ദ്ര നേതൃത്വം തള്ളിയത് ഈ നിലപാടിന്‍റെ തുടർച്ചയാണ് . ശിവൻ കുട്ടി  - സതീശൻ വാഗ് പോര് നിയമസഭയിൽ  പരാമർശിക്കാൻ പി.പി. ചിത്തരഞ്ജൻ ശ്രമിച്ചത് സ്പീക്കർ തടഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. സോണിയാ ഗാന്ധിയെ മന്ത്രിയെ അപമാനിച്ചുവെന്നും അതിൽ തിരിച്ചടിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവും കോൺഗ്രസും . വി.ഡി. സതീശനെ നിയമസഭക്ക് അകത്തും പുറത്തും  ആക്രമിക്കാനാണ് സി.പി. എമ്മിന്‍റെ തീരുമാനം.