സിപിഎം പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പില്‍ ചര്‍ച്ച നിഷേധിച്ച് സ്പീക്കര്‍. പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറുപടി ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രി സ്പീക്കറെ ഉപയോഗിച്ച് ചര്‍ച്ച തടഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്ത സി.പി.എം പാര്‍ട്ടിക്കകത്തെ കൊള്ള പുറംലോകത്തെ അറിയിച്ചയാള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
അവതരണാനുമതി പോലും നല്‍കാതെയാണ്, പയ്യന്നൂരിലെ സി.പി.എം പാര്‍ട്ടി ഫണ്ട് തട്ടിപ്പില്‍ എം.എല്‍.എ മുധുസൂദനന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്. ഏത് വകുപ്പിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.
പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. വഴങ്ങാതെ നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോയതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സി.പി.എമ്മില്‍ പുതിയതല്ലെന്നും കുഞ്ഞിക്കൃഷ്ണനെ തേടി ഇന്നോവ വരാതിരിക്കട്ടെയെന്നും കെ.കെ രമ. സഭയക്ക്കകത്തും പുറത്തും പ്രതിപക്ഷം വിഷയം ശക്തമായി ഉയര്‍ത്തിയപ്പോഴും ഭരണപക്ഷം പൂര്‍ണ മൗനത്തിലായിരുന്നു. ഒരുതരത്തിലുള്ള പ്രതികരണവും മന്ത്രിമാരുടെ ഭാഗത്തുനിന്നോ അംഗങ്ങളുടെ ഭാഗത്തുനിന്നോ ഉണ്ടായില്ല.