നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പൊതുവികാരം. സിറ്റിങ് സീറ്റുകളുടെയും സംവരണ മണ്ഡലങ്ങളുടെയും കാര്യത്തില്‍ അതിവേഗം തീരുമാനമെടുക്കണമെന്നും നിര്‍ദേശം. പാനല്‍ തയാറാക്കാന്‍ കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും തിരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി.
എംപിമാരായി രണ്ടുവര്‍ഷം തികയും മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വികാരമാണ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഉയര്‍ന്നത്. ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കേണ്ടിവരുമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തിലെ പൊതുവികാരം നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നാണ് വിവരം. തര്‍ക്കമില്ലാതെ അതിവേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് ആദ്യം ഇറങ്ങുക. തദ്ദേശത്തില്‍ പയറ്റി വിജയിച്ച തന്ത്രം നിയമസഭയിലും പുറത്തെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന നേതാക്കള്‍ ഒന്നടങ്കം പറഞ്ഞ നേതാക്കള്‍, സിറ്റിങ്ങ് സീറ്റുകളുടെയും സംവരണ മണ്ഡലങ്ങളുടെയും കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളുടെ പേര് ആരും മുന്നോട്ടു വയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല. ഈ ആഴ്ച തന്നെഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേതൃത്വം യോഗത്തെ അറിയിച്ചു. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത് കര്‍ശനമായി തടയണമെന്ന വികാരവും യോഗത്തില്‍ ഉയര്‍ന്നു. ഓരോ മണ്ഡലത്തിലേക്കുമുള്ള പാനല്‍ തയാറാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ ശണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും യോഗം ചുമതലപ്പെടുത്തി. ജില്ലാ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തിയും അല്ലാതെയും തിരഞ്ഞെടുക്കുന്ന പേരുകള്‍ തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കൈമാറും. ഇതിന്മേല്‍ തുടര്‍ ചര്‍ച്ച നടത്തി പട്ടിക സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറും.