സി.പി.എമ്മിനെ കുരുക്കിലാക്കി ഗുരുതര സാമ്പത്തിക തിരിമറി ആരോപണം ഉയർത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെതിരെ സംഘടനാ നടപടിക്ക് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് നടപടിയിൽ തീരുമാനമെടുത്തേക്കും. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പയ്യന്നൂരിൽ ദോഷം ചെയ്യാൻ സാധ്യത ഏറെയാണ്. പയ്യന്നൂരിലെ വിഭാഗീയത കൂടുതൽ വെളിപ്പെടുത്തുന്നതാണ് കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിൽ.
കണ്ണൂർ ജില്ലയിൽ സിപിഎമ്മിന് തലവേദനയാണ് പയ്യന്നൂരിലെ വിഭാഗീയ പ്രവർത്തനം. പരിഹരിച്ചുവെന്ന് പാർട്ടി അവകാശപ്പെടുന്ന വിഭാഗീയത അതേപടി നിലനിൽക്കുന്നുവെന്ന് തെളിയിക്കുകയാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഫണ്ട് തിരിമറി വിഷയത്തിലാണ് പയ്യന്നൂരിലെ സിപിഎമ്മിൽ വിഭാഗീയത തുടങ്ങിയിരുന്നത്. ഇതേത്തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് കുഞ്ഞികൃഷ്ണൻ പുറത്താക്കപ്പെടുകയും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് എംഎൽഎ ടി ഐ മധുസൂദനൻ തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കുഞ്ഞി കൃഷ്ണനെ ജില്ലാ കമ്മിറ്റിയിലേക്കും , മധുസൂദനനെ സെക്രട്ടറിയേറ്റിലേക്കും തിരിച്ചെടുത്താണ് സിപിഎം ഇതിന് പരിഹാരം കണ്ടത്. എന്നാൽ , പരസ്യ വെളിപ്പെടുത്തൽ കാരണം കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. എന്നാൽ , പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഎം പോയാൽ വിഭാഗീയത കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെയും മാധ്യമങ്ങളുടെയും കോടാലികൈ ആയെന്നും ആരോപണം വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള സിപിഎമ്മിന്റെ പ്രതികരണം നടപടിയിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ നടപടിയെ ഭയമില്ലെന്നാണ് കുഞ്ഞി കൃഷ്ണൻറെ നിലപാട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ കാര പ്രദേശത്ത് പാർട്ടി സ്ഥാനാർത്ഥി തോൽക്കുകയും വിമതനായി മത്സരിച്ച കാര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി വൈശാഖ് വിജയിക്കുകയും ചെയ്തത് സിപിഎമ്മിന് കടുത്ത പ്രഹരമായിരുന്നു. അണികൾ തന്നെ കയ്യൊഴിഞ്ഞ നിലയിലായിരുന്നു പയ്യന്നൂരിലെ സിപിഎം. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഗൃഹ സന്ദർശനം നടത്തി മുറിവുണക്കാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞി കൃഷ്ണന്റെ തുറന്നുപറച്ചിലും തലവേദനയാകുന്നത്. രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ടി ഐ മധുസൂദനൻ എംഎൽഎ രണ്ടാം തവണയും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചനകൾക്കിടെ ആണ് മധുസൂദനനെ ലക്ഷ്യമിട്ടുള്ള ആരോപണം പാർട്ടിക്ക് പുറത്തേക്ക് എത്തുന്നത്. രക്തസാക്ഷികളോട് സിപിഎമ്മിന് കൂറില്ലെന്ന ആക്ഷേമുയർത്തി കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചതും സിപിഎമ്മിന് തിരിച്ചടിയാണ് . കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പുറത്തിറങ്ങാൻ ഇരിക്കുന്നതും സിപിഎമ്മിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.