ഹൈക്കമാന്‍ഡിനോടുള്ള അതൃപ്തി മറച്ചുവയ്ക്കാതെ ശശി തരൂര്‍. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്ന് തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ അവഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം, എല്ലാം തരൂരിന്‍റെ തോന്നല്‍ ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.
വയനാട്ടില്‍ നടന്ന ലക്ഷ്യ നേതൃക്യാംപില്‍ നേതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ വിശേഷങ്ങള്‍ പങ്കിട്ട് നില്‍ക്കുന്ന ശശി തരൂരിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്നുകാണില്ല. ഏറെകാലത്തിന് ശേഷമാണ് തരൂരും കോണ്‍ഗ്രസ് നേതാക്കളും ഒരുമിച്ച് നില്‍ക്കുന്നത് കണ്ടത്. എന്നാല്‍ അതിന് പിന്നാലെ കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് പരിപാടിയില്‍ തന്നെ അവഗണിച്ചുവെന്നും അപമാനിക്കപ്പെട്ടുവെന്നുമാണ് തരൂരിന്‍റെ പരാതി.
ഇക്കാരണം കൊണ്ടാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തരൂര്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പരോക്ഷമായി തരൂര്‍ സ്ഥിരീകരിക്കുകയും ചെയ്തു. പറയാനുള്ളത് ചര്‍ച്ചയാക്കില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ചുള്ള തരൂരിന്‍റെ പ്രതികരണം.
പ്രകോപനത്തിനിടയിലും തരൂരിനെ ഒപ്പം നിര്‍ത്താനാണ് കെപിസിസിയുടെ ശ്രമം. ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിനിടെ ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ അനിവാര്യഘടകമല്ലെന്ന പ്രതികരണവുമായി ഇമ്രാന്‍ മസൂദ് എംപി രംഗത്തെത്തി.