പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ അതിവേഗ റയില്‍ ഉള്‍പ്പടെയുള്ള വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. തിരുവനന്തപുരം നഗരത്തെ മാതൃകാ നഗരമാക്കുമെന്ന് പറഞ്ഞതല്ലാതെ പദ്ധതികളും പ്രഖ്യാപിച്ചില്ല. ഇതോടെ പദ്ധതികള്‍ എവിടെ മോദിയെന്ന് ചോദിച്ച് ഇടത് കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രചാരണം തുടങ്ങി. വര്‍ഗീയതയാണ് കേരളത്തിലും ബി.ജെ.പിയുടെ അജണ്ടയെന്ന് വ്യക്തമായെന്ന് വി.ഡി.സതീശനും കുറ്റപ്പെടുത്തി. ഓടിവന്ന് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വി.വി.രാജേഷിന്‍റെ വിശദീകരണം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ ഒരു തിരഞ്ഞെടുപ്പ് പ്രചാരണം. റോഡ് ഷോയും ആള്‍ക്കൂട്ടവും പുഷ്പവൃഷ്ടിയുമൊക്കെയായി വമ്പന്‍ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി വന്നതും ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചതും. റെയില്‍വേ പദ്ധതികളുടെ ഫ്ളാഗ് ഓഫ് വേദിയില്‍ സില്‍വര്‍ലൈനിന് പകരമുള്ള അതിവേഗ റയില്‍ പ്രഖ്യാപിക്കുമോയെന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. ഒന്നും കിട്ടിയില്ല. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്ന് തലസ്ഥാന വികസനരേഖ പ്രഖ്യാപിക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തിരുവനന്തപുരത്ത് തുറമുഖ നഗരമാക്കും, ടെമ്പിള്‍ സിറ്റിയാക്കും നഗരത്തിന് ചുറ്റും സാറ്റലൈറ്റ് സിറ്റികള്‍...അങ്ങിനെ ഒട്ടേറെ വന്‍ പ്രതീക്ഷകള്‍ നഗരത്തില്‍ അലയടിച്ചു. പക്ഷെ കോര്‍പ്പറേഷന്‍ തയാറാക്കിയ ശുപാര്‍ശകള്‍ വാങ്ങിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്ന് പതിവ് വാഗ്ദാനം മാത്രം മിച്ചം.
ഒന്നും തരാതെ പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ വാഗ്ദാനങ്ങളെല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് തടിതപ്പാനാണ് മേയറുടെ ശ്രമം. പക്ഷെ വിടാന്‍ എതിരാളികള്‍ തയാറല്ല, കേരളത്തിനുള്ള പദ്ധതിയും പണവും എവിടെയെന്ന് ചോദിച്ച് keralaaskmodi എന്ന ഹാഷ്ടാഗ് പ്രചാരണം ഇടത് കേന്ദ്രങ്ങള്‍ ശക്തമാക്കി. വര്‍ഗീയത മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസും. വികസന പ്രഖ്യാപനങ്ങളില്ലെങ്കിലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിക്ക് തുടക്കമായി. വരവായി വിശ്വാസ സുരക്ഷിത വികസിത കേരളം എന്ന മുദ്രാവാക്യം സ്വീകരിച്ചതും അയ്യപ്പവിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചതും പ്രചാരണതന്ത്രം എന്തെന്ന് വ്യക്തമാക്കി. എന്‍.ഡി.എയില്‍ ചേര്‍ന്ന 20 20 നേതാവ് സാബു എം ജേക്കബിനെയും വേദിയില്‍ സ്വീകരിച്ചു.