ആലപ്പുഴയിൽ നിലവിലുള്ള   CPM എംഎൽഎമാരിൽ രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവർ വീണ്ടും മൽസരിച്ചേക്കുമെന്ന്   സൂചന. സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ, എച്ച് സലാം , എം എസ് അരുൺ കുമാർ എന്നിവർ അതാതിടങ്ങളിൽ തന്നെ വീണ്ടും മൽസരിക്കും. ജില്ലാ സെക്രട്ടറി ആർ. നാസർ കായംകുളത്തോ അരൂരിലോ മൽസരിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണ ജില്ലയിൽ ആറിടത്താണ് CPM വിജയിച്ചത്. ഇതിൽ അരൂർ , കായംകുളം എന്നിവടങ്ങളിലൊഴികെ മറ്റെല്ലായിടത്തും നിലവിലുള്ളവർ തന്നെ മൽസരിക്കുമെന്നാണ് സൂചന. ചെങ്ങന്നൂരിൽ സജി ചെറിയാനും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച്. സലാമും വീണ്ടും മൽസരിക്കും. മാവേലിക്കരയിൽ എം.എസ്.അരുൺ കുമാർ തന്നെ തുടരും. പി.പി.ചിത്തരഞ്ജൻ ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴയിലേക്ക് മാറുമെന്നും എച്ച് സലാം മൽസരിക്കില്ലെന്നുമുള്ള  പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമായി പാർട്ടി കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

കായംകുളത്ത് യു. പ്രതിഭ രണ്ടു ടേം പൂർത്തിയാക്കിയതിനാൽ വീണ്ടും മൽസരിക്കണമെങ്കിൽ ടേം നിബന്ധനയിൽ ഇളവ് വേണ്ടി വരും. കായംകുളത്തെ പാർട്ടിയിലെ ഒരു വിഭാഗവുമായി യോജിപ്പിലല്ല. ഇത് പാർട്ടി കണക്കിലെടുത്താൽ പ്രതിഭ മൽസരിച്ചേക്കില്ല. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ പേര് കായംകുളത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. അരൂരിൽ ദലീമ ജോജോയ്ക്ക് വീണ്ടും മൽസരിക്കില്ലെന്ന പ്രചാരണം ശക്തമാണ്. അരൂരിലേക്കും ആർ നാസറിന്‍റെ പേര് പറഞ്ഞു. അരൂരിൽ BJP സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ മൽസരിക്കുമെന്ന് സൂചനയുള്ളതിനാൽ കൂടുതൽ ശക്തനായ സ്ഥാനാർഥി വേണമെന്ന വാദമാണ് ഇതിനു പിന്നിൽ. തോമസ് ഐസക്കിന്‍റെ പേരും അരൂരിലേക്ക്  പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഐസക് മറ്റേതെങ്കിലും മണ്ഡലത്തിൽ മൽസരിക്കാനാണ് സാധ്യത. ഓരോ മണ്ഡലങ്ങളിലും വികസന ജാഥകൾ എംഎൽഎമാരുടെ നേതൃത്വത്തിൽ അടുത്തയാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മേൽനോട്ട ചുമതല വഹിക്കും. ജില്ലയിലെ മുതിർന്ന നേതാക്കളും ഇതിന്‍റെ ഭാഗമാകും.

ENGLISH SUMMARY:

The CPI(M) is preparing its candidate list for the upcoming assembly elections in Alappuzha with most sitting MLAs likely to contest again. Key leaders including Saji Cherian, P.P. Chitharanjan, H. Salam, and M.S. Arun Kumar are expected to represent their respective constituencies once more. However, uncertainty remains over the candidatures of U. Pratibha in Kayamkulam and Daleema Jojo in Aroor due to term limits and local political shifts. District Secretary R. Nasser is being considered as a strong potential candidate for either the Kayamkulam or Aroor seats. The party is particularly focused on Aroor, where a high-profile contest is expected if the BJP fields Shobha Surendran. To kickstart the election campaign, development rallies led by the sitting MLAs will be organized across all constituencies starting next week. Senior state committee members from the district have been tasked with overseeing these crucial election activities.