കണ്ണൂരിലും കൊല്ലത്തും പൊലീസ് സ്റ്റേഷനുള്ളില്‍ കയറി സിപിഎം–ഡിവൈഎഫ്ഐ ഗൂണ്ടായിസം. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിക്കാന്‍ കണ്ണൂര്‍ പെരിങ്ങോം പൊലീസ് സ്റ്റേഷനില്‍ കയറിയ സിപിഎമ്മുകാര്‍ എസ്എച്ച്ഓയെ കയ്യേറ്റം ചെയ്തു. ശാസ്താംകോട്ട സ്റ്റേഷനില്‍ അനുവാദമില്ലാതെ കയറിയത് തടഞ്ഞതോടെയാണ് പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിലെത്തിയത്.

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇഖ്ബാലിനെ ആക്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ് ബ്ലോക്ക് സെക്രട്ടറി വിഷ്ണുപ്രസാദിനെ പെരിങ്ങോം പൊലീസ് രാത്രി അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ മോചിപ്പിക്കാന്‍ സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന 15 സിപിഎമ്മുകാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തുകയും അസംഭ്യം പറയുകയും ചെയ്തു. ഇതിനിടെ എസ്എച്ച്ഓയെ കയ്യേറ്റം ചെയ്തു. പ്രതിയെ മോചിപ്പിക്കാനുള്ള നീക്കം ബലം പ്രയോഗിച്ച് പൊലീസ് തടകുയയായിരുന്നു.

വിഷ്ണുപ്രസാദിനെതിരെയുള്ളത് വ്യാജ പരാതിയെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയവരെ കാണാനെത്തിയ സിപിഎമ്മുകാരും പൊലീസും തമ്മിലാണ് ശാസ്താംകോട്ടയിലെ പ്രശ്നം.

അനുവാദമില്ലാതെ പൊലീസ് സ്റ്റേഷനില്‍ കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലുള്ളവരുമായി സംസാരിക്കാന്‍ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോട വാക്കുതര്‍ക്കമായി. പിന്നീട് ബലം പ്രയോഗിച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പുറത്തിറക്കുകയായിരുന്നു. സ്റ്റേഷനു പുറത്തും പൊലീസുമായി തര്‍ക്കം തുടര്‍ന്നു.

ENGLISH SUMMARY:

CPM and DYFI hooliganism in Kerala police stations has led to significant unrest in Kannur and Kollam. These incidents involved forceful entry into police stations and attacks on police officers, escalating tensions between the party cadres and law enforcement.