സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടില്‍ക്കയറ്റുമെന്ന് കരുതുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു. ശബരിമലയിൽ പോയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എട്ട് വർഷം മുന്‍പുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. പോറ്റിയുടെ വീട്ടിൽ ഒരുതവണ മാത്രമാണ് പോയിട്ടുള്ളത്. അതിൽ കൂടുതൽ തവണ പോയിട്ടുണ്ടെങ്കിൽ സമ്മതിക്കുന്നതിൽ പ്രയാസമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ഒരു ഭക്തൻ എന്ന നിലയിൽ മാത്രമാണ് ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതെന്നും വിശദീകരണം. സോണിയ പോറ്റിയെ കണ്ടില്ലേയെന്ന് സഭയില്‍ ഭരണപക്ഷം കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ചസമയത്താണ് കടകംപളളിയുടെ സഭയ്ക്ക് പുറത്തെ കടകവിരുദ്ധമായ പരാമര്‍ശം നടത്തിയത്.
സഭയ്ക്ക് പുറത്ത് വീണ്ടുമെത്തിയ കടകംപള്ളി പറഞ്ഞകാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തില്‍ മറ്റുപലരുമുണ്ടെന്നും ചിത്രത്തില്‍ കൂടെ നില്‍ക്കുന്ന ആള്‍ക്കാരെപ്പറ്റിയല്ല പറഞ്ഞതെന്നും കടകംപള്ളി വ്യക്തമാക്കി. സ്വർണക്കള്ളയിൽ പ്രതിഷേധം സ്വാഭാവികമാണെന്നും പ്രതിപക്ഷ ധർമമാണെന്നും കടകംപള്ളി പറഞ്ഞു. അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ചിത്രവും സ്വാഭാവികമാകാമെന്നും അദ്ദേഹം പറഞ്ഞു.