നയപ്രഖ്യാപനത്തിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ മറ്റു ചിലത് കൂട്ടിച്ചേര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലാണ് മാറ്റം വരുത്തിയത്. കേന്ദ്ര വിമര്‍ശനം ഉള്‍പ്പെട്ട 12,15,16 ഖണ്ഡികകളിലെ വാചകങ്ങളില്‍ മാറ്റം വരുത്തി. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഇത് ഔദ്യോഗിക രേഖയായി അംഗീകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതും ഒഴിവാക്കിയതും നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു.
ഗവര്‍ണറുടെ നടപടി തെറ്റെന്ന് പ്രതിപക്ഷവും പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാനം ഗവര്‍ണര്‍ വായിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ ഗവര്‍ണര്‍ക്ക് അവകാശമില്ല. ഇല്ലാത്ത അവകാശമാണ് ഗവര്‍ണര്‍ പ്രയോഗിച്ചതെന്ന് സതീശന്‍ വിമര്‍ശിച്ചു.
എല്ലാം സാധാരണം എന്ന രീതിയിലായിരുന്നു ഒരുമണിക്കൂർ 52 മിനിറ്റ് നീണ്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിന് ശേഷമാണ് നാടകീയ സംഭവങ്ങൾ ചുരുളഴിയുന്നത്. സർക്കാർ എഴുതിക്കൊടുത്ത കേന്ദ്ര വിമർശനം വായിച്ചെങ്കിലും 12 15 16 ഖണ്ഡികകളിലെ ചില കടുത്ത വിമർശനങ്ങൾ ഗവർണർ ഒഴിവാക്കി , ഏതാനും വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതിനെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി രംഗത്തെത്തി. മന്ത്രിസഭ അംഗീകരിച്ചതും ഗവര്‍ണര്‍ ഒഴിവാകിയതുമായ ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകണമെന്നും സ്വന്തം നിലക്ക് ഗവർണർ കൂട്ടിച്ചേർത്ത വാക്കുകൾ ഒഴിവാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചു.
ഗവർണറുടെ നടപടിയെ വിമർശിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയെയും വെറുതെ വിട്ടില്ല. ഗവർണർ ചെയ്തത് ശരിയല്ല. മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഗവർണർ - സർക്കാർ പോര് മറ്റൊരു തലത്തിലേക്ക് ഉയർന്നുന്നതും ഭരണഘടനാപരവും നിയമപരവുമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് സർക്കാരിന്റെയും ഗവർണരുടെയും നിയമസഭയിലെ നിലപാടുകൾ .