രമേശ് ചെന്നിത്തലയെ പുകഴ്ത്തിയ സുകുമാരന്‍ നായരുടെ പരാമര്‍ശത്തോട് കരുതലോടെ പ്രതികരിച്ച് ചെന്നിത്തല. താങ്കളോളം യോഗ്യന്‍ മറ്റാരുണ്ട് എന്ന സുകുമാരന്‍ നായരുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. എന്നാല്‍ 9 വര്‍ഷം അവരുമായി പിണങ്ങിക്കഴിഞ്ഞപ്പോള്‍ നിങ്ങളാരെയും കണ്ടില്ലല്ലോ എന്നും രമേശ് ചോദിച്ചു.
വി.ഡി.സതീശനെ പിന്തുണച്ചും എന്നാല്‍ എന്‍എസ്എസ്– എസ്എന്‍ഡിപി നേതാക്കളെ പിണക്കാതെയുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സമുദായ ഐക്യം നല്ലതാണെന്നും എതിര്‍ക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ പ്രതിപക്ഷനേതാവ് പറഞ്ഞത് പാര്‍ട്ടി നയമാണ്. എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ് നയമെന്നും തര്‍ക്കിച്ച് സമയം കളയേണ്ട സമയമല്ല ഇതെന്നും രമേശ് പ്രതികരിച്ചു.
സമുദായ നേതാക്കളുമായി വ്യക്തിഗത തര്‍ക്കത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകും. എന്‍എസ്എസ് കോണ്‍ഗ്രസിനെതിരെ പറഞ്ഞിട്ടില്ല.
സിപിഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുന്നെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
വി.ഡി.സതീശനെ പൂര്‍ണമായും പിന്തുണച്ചായിരുന്നു കെ.മുരളീധരന്‍ സംസാരിച്ചത്. പ്രതിപക്ഷ നേതാവ് പറയുന്നത് കോണ്‍ഗ്രസ് അഭിപ്രായമാണ്. സമുദായ സംഘടനകളുടെ യോജിപ്പില്‍ തെറ്റില്ലെന്നും സ്വര്‍ണം കട്ടവര്‍ക്ക് ആരും വോട്ട് ചെയ്യില്ലെന്നും മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.
സമുദായ സംഘടനകൾ ഐക്യപ്പെട്ടു മുന്നോട്ട് പോകുന്നത് നല്ല കാര്യമെന്ന് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വര്‍ഗീയ ചേരിതിരിവിനെ പിന്തുണയ്ക്കുന്നില്ല. സിപിഎം വോട്ടിന് വേണ്ടി നയം മാറ്റില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ എൻഎസ്എസ് - എസ്എൻഡിപി യോജിപ്പ് ആയുധമാക്കാൻ സിപിഎം. എല്ലാ സമുദായങ്ങളും യുഡിഎഫ് നേതൃത്വത്തിനെതിരാണെന്നുള്ള പ്രചാരണം കൊടുക്കാനാണ് സിപിഎം നീക്കം. വർഗീയതയ്ക്കെതിരെ നിലപാട് പറയുമ്പോഴും എൻഎസ്എസും എസ്എൻഡിപിയും വി.ഡി.സതീശനിൽ അതൃപ്തി പ്രകടമാക്കിയത് എൽഡിഎഫ് നേതൃത്വത്തിനുള്ള അംഗീകാരം ആയിട്ടാണ് സിപിഎം കരുതുന്നത്.
സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നത് നല്ലതാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് . ഐക്യം പ്രതിപക്ഷ നേതാവിനെതിരെയാണോയെന്ന ചോദ്യത്തിന് വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു മറുപടി. വി.ഡി സതീശന്‍ ജമാഅത്തെ ഇസ്‍ലാമിക്കൊപ്പമാണ് വീരാളിപ്പട്ട് പുതച്ച് കിടക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇരു സമുദായ നേതാക്കളോട് ഏറ്റുമുട്ടാൻ കോൺഗ്രസ് താല്പര്യപ്പെടില്ല. സതീശന്റെ നിലപാടുകൾക്ക് പൊതുസമൂഹത്തിൽ പിന്തുണ കിട്ടുന്നു എന്ന വിലയിരുത്തൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രിയുടെ കരു നീക്കങ്ങളാണ് സമുദായ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്ക് പിന്നിലെന്ന സംശയവും പ്രകടമാണ്.
സുകുമാരൻ നായരുടെ വാർത്താസമ്മേളന സമയത്ത് മന്ത്രി വി എൻ വാസവന്റെ ഫോൺ കോള്‍ എത്തിയത് യാദൃശ്ചികമായി കോൺഗ്രസ് നേതാക്കൾ കരുതുന്നില്ല. കൊടിക്കുന്നിൽ സുരേഷ് എംപി ഇന്നലെ വൈകിട്ട് എൻഎസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ താൻ നിരന്തരം എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്ന വ്യക്തിയെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരൻ നായരുടെയും വി.ഡി. സതീശനെതിരായ യോജിപ്പിൽ സിപിഎം സംസ്ഥാന നേതൃത്വം പ്രതികരണം നടത്തിയേക്കും .