പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ എൻഎസ്എസ് - എസ്എൻഡിപി യോജിപ്പ് ആയുധമാക്കാൻ സിപിഎം. സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നത് നല്ലതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഐക്യം പ്രതിപക്ഷ നേതാവിന് എതിരെയാണോ എന്ന ചോദ്യത്തിന് വ്യക്തിപരമായി കാണുന്നില്ലെന്ന മറുപടിയുമായി സതീശന് പിന്തുണ കിട്ടാതിരിക്കാനുള്ള ജാഗ്രതയും സിപിഎം നേതൃത്വം പുലർത്തുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ നയിക്കുന്ന വി.ഡി.സതീശനെതിരെ സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളുടെ നേതൃത്വം തിരിഞ്ഞത് സിപിഎം ക്യാമ്പിൽ ആഹ്ലാദത്തിന് വഴിവെച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങളും യുഡിഎഫ് നേതൃത്വത്തിനെതിരാണെന്നുള്ള പ്രചാരണം കൊടുക്കാനാണ് സിപിഎം നീക്കം.
സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നത് നല്ലതാണെന്ന് പറയുമ്പോഴും അത് പ്രതിപക്ഷ നേതാവിനെതിരെയാണോയെന്ന ചോദ്യത്തിന് വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി. സമുദായ സംഘടനകൾ ഐക്യപ്പെട്ടു മുന്നോട്ട് പോകുന്നത് നല്ല കാര്യമാണെന്ന് പറഞ്ഞ മന്ത്രി ശിവന്‍കുട്ടിയും സതീശനെ കടന്നാക്രമിക്കാതിരിക്കാൻ ജാഗ്രത പുലർത്തി.
വർഗീയതയ്ക്കെതിരെ നിലപാട് പറയുമ്പോഴും എൻഎസ്എസും എസ്എൻഡിപിയും വി.ഡി.സതീശനിൽ അതൃപ്തി പ്രകടമാക്കിയത് എൽഡിഎഫ് നേതൃത്വത്തിനുള്ള അംഗീകാരമായിട്ടാണ് സിപിഎം കരുതുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആയിരിക്കും കേരളം ഭരിക്കുക എന്നുള്ള പ്രചാരണം സജീവമായി നിലനിർത്താൻ തന്നെയാണ് സിപിഎം ലക്ഷ്യമിടുന്നത്