വി.ഡി.സതീശനെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനത്തില്‍ കരുതലോടെ കോണ്‍ഗ്രസ്. സതീശനെ പിന്തുണക്കുമ്പോള്‍ തന്നെ സമുദായ നേതാക്കളെ പിണക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍. സമുദായ നേതാക്കളുമായി വ്യക്തിഗത തര്‍ക്കത്തിനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. സതീശന്‍ പറഞ്ഞത് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണെന്ന് രമേശ് ചെന്നിത്തലയും കെ.മുരളധീരനും പ്രതികരിച്ചു.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ കേരള യാത്ര സമാപനത്തില്‍ വര്‍ഗീയതയോട് സന്ധിയില്ലെന്ന സതീശന്‍റെ പ്രഖ്യാപനത്തിന് പൊതു സമൂഹത്തില്‍ നിന്ന് വലിയ കയ്യടി കിട്ടിയപ്പോള്‍, രണ്ട് പ്രമുഖ സമുദായ നേതാക്കളെ ചൊടിപ്പിച്ചു. സമുദായ നേതാക്കളോട് എല്ലാ കാലത്തും നല്ല ബന്ധം സൂക്ഷിച്ചിരുന്ന കോണ്‍ഗ്രസിനെ ഇത് കൊണ്ടെത്തിച്ചത് വല്ലാത്ത വിഷമ വൃത്തത്തില്‍. ഒരു വശത്ത് സതീശന്‍റെ നിലപാടിന് കിട്ടുന്ന പൊതുസ്വീകാര്യത. മറുവശത്ത് സമുദായ നേതാക്കളെ പിണക്കിയാല്‍ ഉണ്ടാകുമെന്ന് ഭയക്കുന്ന തിരിച്ചടി. അതിനാലാണ് സതീശനെ ഉള്‍ക്കൊണ്ടും സമുദായ നേതാക്കളെ പിണക്കാതെയുമുള്ള പ്രതികരണങ്ങള്‍.
വി.ഡി.സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞതിലൂടെ സതീശന് പാര്‍ട്ടിയുടെ പിന്തുണയില്ലെന്ന പ്രതീതി ഒഴിവാക്കുകയാണ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും. സതീശനേക്കാള്‍ യോഗ്യന്‍ എന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോടും കരുതലോടെയായിരുന്നു രമേശിന്‍റെ പ്രതികരണം.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സമുദായ നേതാക്കളോട് അനാവശ്യ ഏറ്റുമുട്ടല്‍ വേണ്ട എന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം. അതേസമയം, വര്‍ഗീതക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ ഉറച്ച നിലപാട് സിപിഎമ്മിനെതിരെ തിരിച്ചുവിട്ട് മതേതര വോട്ടുകള്‍ ഉറപ്പിക്കാമെന്നും കണക്ക് കൂട്ടുന്നു. ഇതിനായി എ.കെ.ബാലന്‍റെയും, ഏറ്റവും ഒടുവില്‍ സജി ചെറിയാന്‍റെയും വിവാദ പരാമര്‍ശം കോണ്‍ഗ്രസ് ആയുധമാക്കും.